തിരുവനന്തപുരം: പൂന നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ (എന്‍എഫ്എഐ) സ്ഥാപക ഡയറക്ടര്‍ പി.കെ. നായര്‍ (86) അന്തരിച്ചു. പൂനയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ്. നാളെ രാവിലെ എട്ടു മുതല്‍ 11 വരെ മൃതദേഹം പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം പൂനയില്‍ നടക്കും.
1964ല്‍ പി.കെ.നായരുടെ നേതൃത്വത്തിലാണ് നാഷണല്‍ ഫിലിം ആര്‍ക്കൈ്‌വ്‌സ് ഓഫ് ഇന്ത്യ രൂപം കൊണ്ടത് . ആദ്യ ഇന്ത്യന്‍ ചലച്ചിത്രമായ രാജ ഹരിശ്ചന്ദ്ര അടക്കം നിരവധി ചിത്രങ്ങളുടെ പ്രിന്റുകള്‍ കണ്ടെത്തി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് പി.കെ. നായരായിരുന്നു. 1961ലാണ് നായര്‍ പൂന ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ചേരുന്നത്. 1991ല്‍ എന്‍എഫ്എഐ ഡയറക്ടറായി വിരമിച്ചു.
പി.കെ. നായരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ശിവേന്ദ്രസിംഗ് ദുംഗാപുര്‍ 'സെല്ലുലോയ്ഡ്മാന്‍' എന്ന ഡോക്യുമെന്ററിയിലൂടെ ചിത്രീകരിച്ചിരുന്നു.