തിരുവനന്തപുരം: നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രഥമ ചെയര്‍മാനുമായിരുന്നു പരമേശ് കൃഷ്ണന്‍ നായര്‍ എന്ന മലയാളിയുടെ ജീവിതം ഇന്ന് പ്രദര്‍ശിപ്പിക്കപ്പെടും. അദ്ദേഹത്തിന്റെ ജീവിത കഥ പറയുന്ന സെല്ലുലോയ്ഡ് മാന്‍ ഹോമേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രമുഖ നിര്‍മ്മാതാവും സംവിധായകനുമായ ശിവേന്ദ്രസിങ് ദുന്‍ഗാര്‍പുരാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ സ്ഥാപകനായ പി.കെ. നായരുടെ ജീവിതകഥ പ്രദര്‍ശനത്തിനെത്തിച്ചത്.
വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിനു സിനിമകളുടെ അവശേഷിച്ചിട്ടുള്ള ഏക പ്രിന്റുകള്‍ കണ്ടെത്തി വരും തലമുറയ്ക്കായി ആര്‍ക്കൈവ്‌സില്‍ ശേഖരിച്ച ആളാണ് പി.കെ.നായര്‍. ദാദാസാഹേബ് ഫാല്‍ക്കെയുടെ രാജാ ഹരിശ്ചന്ദ്ര, കാളിയമര്‍ദ്ദന്‍, എസ്.എസ്. വാസന്റെ ചന്ദ്രലേഖ, ഉദയ് ശങ്കറുടെ കല്‍പന തുടങ്ങിയ ചിത്രങ്ങള്‍ വീണ്ടെടുത്ത് സംരക്ഷിച്ചത് പി.കെ.നായരാണ്. 1991 ല്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സില്‍ നിന്ന് വിരമിക്കുമ്പോള്‍ പന്ത്രണ്ടായിരം പഴയ ചിത്രങ്ങളാണ് പി.കെ.നായര്‍ കണ്ടെത്തി സൂക്ഷിച്ചിരുന്നത്. ഇതില്‍ എണ്ണായിരത്തിലധികവും ഇന്ത്യന്‍ സിനിമകളായിരുന്നു.
ചെറുപ്പകാലം മുതല്‍ക്കേ സിനിമയോട് താത്പര്യം തോന്നിയ പി.കെ. നായര്‍ കേരളാ സര്‍വകലശാലയില്‍ നിന്നും ബിരുദം സ്വന്തമാക്കിയ ശേഷം 1953 ല്‍ ബോംബെയിലേക്ക് ചേക്കേറി. സിനിമയെ കൂടുതല്‍ അടുത്തറിയുകയായിരുന്നു ലക്ഷ്യം. ഇതിനായി പല പ്രമുഖ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. 1961 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണ സഹായിയായി ചേര്‍ന്നു. പിന്നീട് പഴയകാല ചിത്രങ്ങളുടെ സംരക്ഷണത്തെ കുറിച്ചുള്ള ആലോചനകള്‍ നടന്നു. ഒപ്പം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് സ്ഥാപിക്കാനുള്ള ശ്രമങ്ങളും നടത്തി. പി.കെ.നായരുടെ പരിശ്രമ ഫലമായി 1964 ല്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ സ്ഥാപിതമായി. 2016 മാര്‍ച്ച് നാലിന് ലോകത്തോട് വിടപറഞ്ഞ അദ്ദേഹത്തിന്റെ സിനിമയ്ക്ക് പുറത്തുള്ള സിനിമാജീവിതവും പ്രവര്‍ത്തനങ്ങളുമാണ് സെല്ലുലോയ്ഡ് മാന്‍.
വാണിജ്യസിനിമകളും ഡോക്യുമെന്ററികളുമായി 500 ലധികം ചിത്രങ്ങളുടെ
സംവിധായകനാണ് ശിവേന്ദ്രസിങ് ദുന്‍ഗാര്‍പുര്‍. ഇന്ത്യന്‍ സിനിമയുടെ പൈതൃകം
കാത്തുസൂക്ഷിക്കുന്നതിനായി 2014 ല്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും ഇദ്ദേഹം
സ്ഥാപിച്ചു. ലോകത്തെ വിവിധ ചലചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട
സെല്ലുലോയ്ഡ് മാന്‍ ദേശീയ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍
സ്വന്തമാക്കിയിട്ടുണ്ട്.