പ്രവാസി ഭാരതി പ്രതിഭ പുരസ്‌കാരം കമലിന് മേയര്‍ വി.കെ. പ്രശാന്ത് സമര്‍പ്പിക്കുന്നു
തിരുവനന്തപുരം; പ്രവാസിയല്ലെങ്കിലും പ്രവാസികളുടെ ജീവിതം അടുത്തറിഞ്ഞ ആളെന്ന നിലയില്‍ പ്രവാസികളുടെ പേരിലുള്ള പുരസ്‌കാരം നെഞ്ചോടു ചേര്‍ത്ത് പിടിക്കുകയാണ്. നല്ല ഗുരുക്കന്‍മാരെ ലഭിച്ചതുകൊണ്ടാണ് അവരുടെ പാതയിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നത്. സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ സ്വന്തം ചിത്രങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും പ്രവാസികള്‍ നല്‍കുന്ന പുരസ്‌കാരം കേരളത്തില്‍ വച്ച് കിട്ടുന്നത് ആദ്യമായാണെന്ന് ചലച്ചിത്ര സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പറഞ്ഞു. തിരുവനന്തപുരം തൈയ്ക്കാട് ഭാരത്ഭവനില്‍ നടന്ന ചടങ്ങില്‍ 16-ാമത് പ്രവാസിഭാരതി (കേരള) 2018-ലെ ചലച്ചിത്ര പ്രതിഭ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ പ്രവാസികളുടെ പങ്ക് വലുതാണ്. ടി.എ.റസാഖിന്റെ രചനയിലുണ്ടായ പെരുമഴക്കാലം എന്ന ചിത്രം ഒരു പത്രവാര്‍ത്തയില്‍ നിന്ന് രൂപംകൊണ്ട താണെന്ന് കമല്‍ പറഞ്ഞു. തിരുവനന്തപുരം നഗരസഭ മേയര്‍ അഡ്വ.വി.കെ. പ്രശാന്ത് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കമലിന് അവാര്‍ഡ് സമര്‍പ്പിച്ചു. മുന്‍മന്ത്രി വി.സുരേന്ദ്രന്‍പിള്ള കീര്‍ത്തിപത്രം സമര്‍പ്പിച്ചു. ഭാരത്ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അധ്യക്ഷനായിരുന്നു. പ്രവാസി ബന്ധു എസ്. അഹമ്മദ്, ഡോ. അജയപുരം ജ്യോതിഷ്‌കുമാര്‍, സുകു പാല്‍ക്കുളങ്ങര, റഹിം പനവൂര്‍, സുലേഖ കുറുപ്പ്, പൂവച്ചല്‍ നാസര്‍, ബാദുഷ, വാഴമുട്ടം ബി.ചന്ദ്രബാബു, എസ്. പ്രസന്നകുമാരി എന്നിവര്‍ സംസാരിച്ചു.