ഭവിക, സന, ശ്രീഹരി, സ്‌നേഹ ചിത്തിറായ്
തമിഴിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന പുതിയൊരു ചിത്രംകൂടി. പുതുതലമുറയിലെ യുവതീ യുവാക്കളുടെ കഥപറയുന്ന ഈ ചിത്രം കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നത് മലയാളിയായ എം. ചന്ദ്രമോഹന്‍ ആണ്. കണ്‍ട്രോള്‍ ഇസഡ് എന്നാണ് തമിഴിലും പ്രണയം ബ്രാണ്ടി കുറച്ച് ഭ്രാന്ത് എന്നാണ് മലയാളത്തിലും ഈ ചിത്രത്തിന് പേര്. സ്‌നേഹം സിനിമാസിന്റെ ബാനറില്‍ കെ.പി.ഉണ്ണികൃഷ്ണന്‍, ഗോപന്‍ തൃക്കണ്ണാപുരം, എം.ചന്ദ്രമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈക്കോ ത്രില്ലറായ ഈ ചിത്രത്തിന്റെ സംഭാഷണം മലയാളത്തില്‍ രചിച്ചത് സുരേഷ്‌കുമാര്‍രവീന്ദ്രനും തമിഴില്‍ വിജയ്കന്ത സ്വാമിയുമാണ്.
എം. ചന്ദ്രമോഹന്‍
കോളേജ് വിദ്യാര്‍ത്ഥികളായ കാര്‍ത്തിയും വൈശാലിയും പ്രണയത്തിലാകുന്നു. കൂടുതല്‍ സുമുഖനും സമ്പന്നനുമായ മഹേഷ് എന്ന ബിസിനസ്സുകാരനെ പരിചയപ്പെടുന്നതോടുകൂടി വൈശാലി കാര്‍ത്തിയെ കബളിപ്പിക്കുന്നു. ഇതുപോലെ കബളിപ്പിക്കലിന് വിധേയരായ നിരാശകാമുകന്മാര്‍ ചേര്‍ന്ന് ഫെയ്‌സ്ബുക്ക് കൂട്ടായ്മ ഉണ്ടാക്കുന്നു. ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി ഒരു മണിക്കൂറിനകം അയ്യായിരത്തോളം റിക്വസ്റ്റുകളും കിട്ടുന്നു. വൈശാലിയോട് കാര്‍ത്തി പ്രതികാരം ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. സസ്‌പെന്‍സ് രംഗങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഫൈസല്‍ റാസി, ശ്രീഹരി എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍. സ്‌നേഹ ചിത്തിറായ്, ഭവിക, സന, കാവ്യ ഗൗഡ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. രാജേഷ് തലകദീപി, രജീഷ് രാജന്‍, സുമേഷ് തച്ചനാടന്‍, ബിജു, ശാരദ, വെങ്കിടേശ്വരിവ എന്നിരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
ഭവിക, ഫൈസല്‍ റാസി
ചിത്രത്തിലെ ഒരു നായകനായ ഫൈസല്‍ റാസി ഈ ചിത്രത്തില്‍ മഹേഷ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. യക്ഷി ഫെയ്ത്ത്ഫുളി യുവേഴ്‌സ് എന്ന മലയാള ചിത്രത്തില്‍ നായകനായി അഭിനയിച്ചാണ് ഈ യുവതാരം ചലച്ചിത്ര രംഗത്ത് എത്തിയത്. ബ്രഹ്മാണ്ഡ ചിത്രമായ യന്തിരന്‍ 2-ല്‍ മെഗാസ്റ്റാര്‍ രജനികാന്തിനോടൊപ്പം ഫൈസല്‍ റാസി അഭിനയിച്ചു. അരുണ്‍മൊഴി എന്ന ഐ.പി.എസ് ഓഫീസറുടെ വേഷമാണ് റാസിക്ക്. ഭാസ്‌കര്‍ ദ റാസ്‌കല്‍, ജേക്കബിന്റെ സ്വര്‍ക്ഷരാജ്യം , വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, തോപ്പില്‍ ജോപ്പന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ റാസി അഭിനയിച്ചു. വയ്യാവേലി, എന്റെ സത്യാന്വേഷണ പരീക്ഷകള്‍, ഓള്‍ഡ് ഈസ് ഗോള്‍ഡ്, മ (മലയാളം, തമിഴ്, തെലുങ്ക്), ലക്‌നൗ (മലയാളം, തമിഴ്, സിംഹള) തുടങ്ങി ധാരാളം ചിത്രങ്ങള്‍ റാസിയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്. ഗുരുവായൂര്‍ സ്വദേശിയായ ഫൈസല്‍ റാസി ദുബായിലാണ് സ്ഥിരതാമസം.
ഫൈസല്‍ റാസി സ്‌നേഹ ചിത്തിറായ്
നാടോടികള്‍- 2 എന്നാല്‍ തമിഴ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് ശ്രീഹരി. കണ്‍ട്രോള്‍ ഇസഡില്‍ കാര്‍ത്തി എന്ന ആന്റി ഹീറോ കഥാപാത്രത്തെയാണ് ഈ യുവനടന്‍ അവതരിപ്പിക്കുന്നത്.
ഈ ചിത്രത്തില്‍ രാഹുല്‍ എന്ന കഥാപാത്രത്തെയാണ് രജീഷ് രാജന്‍ അവതരിപ്പിക്കുന്നത്. മനോജ് അങ്കമാലി സംവിധാനം ചെയ്ത വവ്വാലും പേരയ്ക്കയും എന്ന ചിത്ര ത്തില്‍ രണ്ടാമത്തെ നായകനായി രജീഷ് അഭിനയിച്ചിട്ടുണ്ട്. ഗുരുവായൂര്‍ പാവറട്ടി സ്വദേശിയാണ് രജീഷ് രാജന്‍.
മലയാളിയായ സ്‌നേഹ ചിത്തിറായ് അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. റോഷ്‌നി എന്ന കഥാപാത്രത്തെയാണ് സ്‌നേഹ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എം. ചന്ദ്രമോഹന്‍ സംവിധാനം ചെയ്ത ശൂലം എന്ന തമിഴ് ചിത്രത്തിലെ രണ്ടാമത്തെ നായികയായി സ്‌നേഹ അഭിനയിച്ചിട്ടുണ്ട്. രാജ തിരുനെല്‍വേലി സംവിധാനം ചെയ്ത നാനും നീയുമിരുന്താല്‍ എന്ന തമിഴ് ചിത്രത്തില്‍ സ്‌നേഹ നായികയായി അഭിനയിച്ചിട്ടുണ്ട്. കെ.തിരുപ്പതി സംവിധാനം ചെയ്യുന്ന ഉലക മഹാകേഡി ആണ് ഈ യുവനടിയുടെ പുതിയ തമിഴ് ചിത്രം. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയാണ് സ്‌നേഹ ചിത്തിറായ്.
ഭവിക, രജീഷ് രാജന്‍
ഭവിക മലയാളിയും സന തമിഴ് താരവും കാവ്യ ഗൗഡ കന്നട താരവുമാണ്.
2015 ല്‍ റിലീസ് ചെയ്ത പാലക്കാട്ട് മാധവന്‍ എന്ന തമിഴ് ഹിറ്റ് ചിത്രം എം. ചന്ദ്രമോഹനന്‍ നേരത്തെ സംവിധാനം ചെയ്തിട്ടുണ്ട്. വിവേക്, ഷീല, സോണിയ അഗര്‍വാള്‍ എന്നിവരായിരുന്നു ആ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുന്ദര കല്യാണം എന്ന മലയാള ചിത്രവും സൗന്ദര്യ എന്ന തമിഴ് ചിത്രവുമാണ് ചന്ദ്രമോഹന്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. 2000-ല്‍ കെ.എസ്.എഫ്.ഡി.സിയുടെ ആദ്യ ഡി.റ്റി.എസ് ചിത്രമായ ആറാം ഇന്ദ്രിയത്തിന്റെ രചന നിര്‍വഹിച്ചത് ചന്ദ്രമോഹനാണ്. കുടമാളൂര്‍ രാജാജിയാണ് ആ ചിത്രം സംവിധാനം ചെയ്തത്. ദേവന്‍, കോട്ടയം നസീര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിന്റെ പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം: ഉണ്ണി.കെ മേനോന്‍. ഗാനരചന: എ.ബി.വി കാവില്‍പ്പാട്. സംഗീതം: ആരി. ഗായകര്‍: ജിതിന്‍രാജ്, നിമിഷ, നിമ. മേക്കപ്പ്: പുനലൂര്‍ രവി. കലാസംവിധാനം: മനോജ് ഗ്രീന്‍വുഡ്‌സ്. കോസ്റ്റ്യൂംസ്: ദേവന്‍ കുമാരപുരം. എഡിറ്റിംഗ്: രാകേഷ് ചക്ര. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്യാം സരസ്. പി.ആര്‍.ഒ: റഹിം പനവൂര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍: എല്‍.പി സതീഷ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: കബീര്‍ ഒറ്റപ്പാലം. ഫൈറ്റ്: ബ്രൂസ്‌ലി രാജേഷ്. സ്റ്റില്‍സ്: പ്രദീപ് പഴയന്നൂര്‍. യൂണിറ്റ്: ചിത്രാഞ്ജലി.
സന, ഉണ്ണി കെ മേനോന്‍
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഉണ്ണി.കെ മേനോന്റെ ആദ്യ ചലച്ചിത്രമാണിത്. മലയാളത്തിലും തമിഴിലുമായി ഇദ്ദേഹം മുപ്പതോളം സീരിയലുകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത നാലോളം ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍വഹിച്ച രാകേഷ് ചക്ര ആണ് കണ്‍ട്രോള്‍ ഇസഡിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
കണ്‍ട്രോള്‍ ഇസഡ് ഫുൾ ടീം
തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. അടുത്ത വര്‍ഷം വാലന്റൈന്‍സ് ദിനത്തില്‍ ചിത്രം റിലീസ് ചെയ്യും.