തിരുവനന്തപുരം:ഗുണമേന്മയുള്ള സിനിമ ചിത്രീകരിക്കുവാന്‍ സമഗ്രവും ഗഹനവുമായ പഠനവും ഗവേഷണവും ആവശ്യമാണെന്ന് കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ചു ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സംവിധായകര്‍ അഭിപ്രായപ്പെട്ടു.
കലാബോധം ജന്മസിദ്ധമാണെന്നും ഇത്തരം കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ മാത്രമേ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്ക് സാധിക്കുകയുള്ളൂ എന്നും 'കോട്ടണ്‍ ഡ്രീംസ്' ഡോക്യുമെന്ററിയുടെ സംവിധായകന്‍ സന്ദീപ് രാംപാല്‍ പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങളെ സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ ഡോക്യുമെന്ററികളിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ സിനിമയായ 'ബെ പര്‍ദ'യിലൂടെ സ്വന്തം നിരീക്ഷണങ്ങള്‍ക്ക് സാമൂഹിക ഭാഷ്യം നല്‍കുകയായിരുന്നുവെന്ന് ഋഷികാ നാംദേവ് അഭിപ്രായപ്പെട്ടു. ഗുണമേന്മയുള്ള സിനിമകള്‍ക്ക് സാമ്പത്തിക പരാജയ ഭീതി ആവശ്യമില്ലായെന്നും അവയ്ക്ക് അന്താരാഷ്ട്രതലത്തില്‍ വിതരണക്കാര്‍ ലഭ്യമാണെന്നും 'പീനല്‍കോഡി'ന്റെ സംവിധായകന്‍ ശരത്ചന്ദ്രബോസ് പറഞ്ഞു. മഴവില്‍ വര്‍ണം പ്രതിനിധീകരിക്കുമ്പോഴും സ്വവര്‍ഗ്ഗാനുരാഗ സമൂഹത്തിന്റെ യഥാര്‍ത്ഥ ജീവിതം വര്‍ണ്ണശബളമല്ല എന്ന തിരിച്ചറിവാണ് സിനിമയ്ക്ക് ബ്ലാക്ക് ആന്റ് വൈറ്റ് ടോണ്‍ നല്‍കാന്‍ പ്രചോദനമായതെന്ന് ബോസ് അഭിപ്രായപ്പെട്ടു.
ശാന്തിയുടെയും സമാധാനത്തിന്റെ സന്ദേശം സംഗീതാത്മകമായി അവതരിപ്പിക്കുകയായിരുന്നു തന്റെ മ്യൂസിക്കല്‍ വീഡിയോയായ 'ഓഡ് ടു ബെറ്റര്‍ വേള്‍ഡി'ലൂടെയെന്ന് സംവിധായകന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. തന്റെ തന്നെ ഗൃഹാതുര അനുഭവങ്ങളായിരുന്നു 'എനിവെയര്‍ ബട്ട് ഹിയര്‍' എന്ന് സംവിധായക ശുഭാംഗി സിങ് പറഞ്ഞു. സാധാരണക്കാരന്റെ ജീവിതത്തില്‍ പണം ചെലുത്തുന്ന സ്വാധീനമാണ് 'ദി റോള്‍' സംവാദനം ചെയ്യാന്‍ ശ്രമിച്ചതെന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആദിത്യ ദേശ്പാണ്‌ഡെ അഭിപ്രായപ്പെട്ടു.
അനന്യയുടെ സംവിധായകന്‍ വൈഭവ് ഹിവാഡെ, ഓണ്‍ എ ക്വസ്റ്റ്യന്റെ ഛായാഗ്രഹന്‍ സിദ്ധാര്‍ത്ഥ്, ഗുഡ്‌ബൈ മൈ ഫ്‌ളൈ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ഗീഗോ, കളികാര്യമായിയുടെ സംവിധായിക മിലി ഇഗിന്‍, നോവിന്റെ സംവിധായകന്‍ ഡോ. സിജുവിജയന്‍ കെ.വി., കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സംവിധാന വിഭാഗം മേധാവി കമല്‍ കെ.എം. എന്നിവര്‍ സന്നിഹിതരായിരുന്നു.