തിരുവനന്തപുരം: ലോകസിനിമയിലെ സമഗ്ര സംഭാവനകള്‍ക്ക് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നല്‍കുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇത്തവണ പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദരൂഷ് മെഹ്‌റൂജിക്ക്. ഡിസംബര്‍ നാലിന് ഇരുപതാമത് ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ അഞ്ചു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം മെഹ്‌റൂജിയ്ക്ക് സമ്മാനിക്കും. 20-ാംമത് മേളയുടെ സംഘാടക സമിതി യോഗത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ അറിയിച്ചതാണിത്.
1970കളുടെ തുടക്കത്തില്‍ ഇറാനിയന്‍ നവതരംഗസിനിമകള്‍ക്ക് തുടക്കം കുറിച്ചവരിലൊരാളാണ് ദരൂഷ് മെഹ്‌റൂജി. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ചിത്രസംയോജകന്‍ എന്നീ നിലകളില്‍ അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച മെഹ്‌റൂജി തന്റെ അരനൂറ്റാണ്ടു നീളുന്ന ചലച്ചിത്ര ജീവിതത്തിനിടെ പലകുറി ഭരണകൂടത്തിന്റെ അപ്രീതി നേരിട്ടിട്ടുണ്ട്.
ജയിംസ് ബോണ്ട് ചിത്രങ്ങളുടെ പാരഡിയായി 1966 ല്‍ നിര്‍മ്മിച്ച ബിഗ് ബജറ്റ് ചിത്രം ഡയമണ്ട് 33 ആണ് മെഹ്‌റൂജിയുടെ ആദ്യ സംവിധാന സംരംഭം. ആദ്യചിത്രം വന്‍ സാമ്പത്തികവിജയം നേടിയെങ്കിലും രണ്ടാമത്തെ ചിത്രമായ ഗാവ് ആണ് മെഹ്‌റൂജിയുടെ സംവിധാന മികവിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തത്.
സര്‍ക്കാര്‍ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രമായിരുന്നിട്ടു കൂടി ഗോലാംഹൊസൈന്‍ സയ്യേദിയുടെ ചെറുകഥയെ ആധാരമാക്കി നിര്‍മ്മിച്ച ഗാവിന് വളരെക്കാലം ഇറാനിയന്‍ കലാസാംസ്‌കാരിക വകുപ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു. 1971 ലെ വെന്നീസ് ചലച്ചിത്രമേളയിലേക്ക് ഇറാനില്‍ നിന്ന് ഒളിച്ചുകടത്തിയ ചിത്രം പ്രദര്‍ശിപ്പിച്ചു. സബ്‌ടൈറ്റിലുകള്‍ പോലുമില്ലാതെ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം ആ വര്‍ഷം വെന്നീസ് മേളയിലെ ക്രിട്ടിക്‌സ് അവാര്‍ഡിന് അര്‍ഹമായി.
ആദ്യമായി ഓസ്‌കാര്‍ അവാര്‍ഡിന് സമര്‍പ്പിക്കപ്പെട്ട ഇറാനിയന്‍ ചിത്രം മെഹ്‌റൂജിയുടെ ദി ബൈസൈക്കിള്‍ ആണ്. 1973 ല്‍ സംവിധാനം ആരംഭിച്ച ചിത്രത്തിന് മൂന്നു വര്‍ഷത്തോളം ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു. 1978 ലാണ് ചിത്രം റിലീസ് ചെയ്തത്.
ആദ്യകാല ഇറാനിയന്‍ നിയോ റിയലിസ്റ്റ് ചിത്രങ്ങളിലൊന്നായ ദി കൗ (1960), അലി നസ്സിറിയാന്‍ രചിച്ച ഹാസ്യപ്രാധാന ചിത്രം ദി നൈവ് (1970), എക്കാലത്തേയും മികച്ച ഇറാനിയന്‍ ചിത്രമായി വിലയിരുത്തപ്പെടുന്ന ഹാമോണ്‍ (1990), ദി പിയര്‍ ട്രീ (1999) തുടങ്ങിയവ മെഹ്‌റൂജിയുടെ സംവിധാനമികവിനു സാക്ഷ്യമാണ്.