തിരുവനന്തപുരം: 58 വർഷം പിന്നിടുന്ന കേരള ലളിതകലാ അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കലാകാര ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു. ചിത്രകലാകൃത്തുക്കൾ, ശില്പികൾ,കലാ ചരിത്രകാരന്മാർ എന്നിവരെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജാരവിവർമ, കെ.സി.എസ്. പണിക്കർ മുതൽ സമകാലിക കലാകാരന്മാരെ വരെ ഡയറക്ടറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാടിസ്ഥാനത്തിൽ കലാകാര കൂട്ടായ്മകൾ ചേർന്ന് അവർ നിർദേശിച്ച പേരുകൾ കൂടി ഇതിൽ ചേർത്തിട്ടുണ്ട്. അക്കാദമി സംഘടിപ്പിക്കുന്ന വാർഷിക ചിത്രപ്രദർശനത്തിൽ പങ്കെടുത്തവർ, അക്കാദമി കലാ ക്യാമ്പിൽ മൂന്നു ദിവസത്തിൽ കുറയാതെ പങ്കെടുത്തവർ, സംസ്ഥാന - ദേശീയ പുരസ്കാരങ്ങൾ നേടിയവർ, മാസ്റ്റേഴ്സ് ഇതായിരുന്നു ഡയറക്ടറിയിൽ പേര് ചേർക്കുവാനുള്ള യോഗ്യതയായി അക്കാദമി മാനദണ്ഡം നിശ്ചയിച്ചിരുന്നത്. ഏറെ ശ്രമങ്ങൾക്കൊടുവിൽ സ്വരൂപിക്കുവാൻ കഴിഞ്ഞ പേരുകൾ ഉൾപ്പെടുത്തിയാണ് ആദ്യപതിപ്പ് പ്രസിദ്ധീകരിക്കുന്നതെന്ന് അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു.
ജനുവരി 12 ബുധനാഴ്ച ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ സാംസ്കാരികവകുപ്പ് മന്ത്രിയുടെ കാര്യാലയത്തിൽ വച്ച് മന്ത്രി സജി ചെറിയാൻ കലാകാര ഡയറക്ടറി പ്രകാശനം ചെയ്യും.അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സെക്രട്ടറി പി. വി. ബാലൻ തുടങ്ങിയവർ സംബന്ധിക്കും.