ഒരു കാലത്ത് മലയാള സിനിമയിൽ ഹിറ്റുകളുടെ പെരുമഴ തീർത്ത കാവ്യ മാധവൻ ദിലീപ് ജോഡികളെ പഴങ്കഥയാക്കി ആകാശവാണിയിലൂടെ കാവ്യ മാധവൻ-വിജയ് ബാബു പെർഫെക്റ്റ് കപ്പിൾസ് അവതരിച്ചിരിക്കുന്നു. സിനിമ ഇറങ്ങുന്നതിനു മുമ്പ് പറഞ്ഞു കേട്ടതിനെക്കാളും സിനിമ തീയറ്ററൂകളിൽ എത്തിയപ്പോൾ ഇരുവരും മികച്ച ജോഡികളാണെന്നു കുടുംബ പ്രേക്ഷകരിൽ മതിപ്പുളവാക്കിയിരിക്കുകയാണ്.
സ്വന്തം അധ്വാനത്തിലൂടെ വിജയം വരിച്ച ആകാശെന്ന ബിൽഡറായി വിജയ് ബാബുവും ഒരു ന്യുസ് ചാനലിലെ വാണിയെന്ന പ്രോഗ്രാം ഹെഡ് ആയി കാവ്യ മാധവനും ന്യു ജെൻ കപ്പിൾസായി ആകാശവാണിയിൽ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. പുതിയ കാലത്തിന്റെ യുവ ദമ്പതികളുടെ ഈഗോയും പരസ്പരമുള്ള(സെക്സ് ഉൾപ്പെടെയുള്ള കാര്യങ്ങൾ) കുറ്റപ്പെടുത്തലും,കലഹവും,പരിഭവവും,സങ്കടവും ഒക്കെയായി ജീവിത താളം തെറ്റി ഉടനെ വേര്പിരിയലിലേക്ക് കടക്കാവുന്ന ദാമ്പത്യത്തെ സുഹൃത്ത് ഗുണത്തിന്റെ രസകരമായ ചില പ്ലേയിലൂടെ ആഴത്തിലുള്ള പരസ്പര സ്നേഹം തിരിച്ചറിഞ്ഞു ദാമ്പത്യത്തെ ദൃഢമാക്കുന്ന ദമ്പതികൾ മലയാള സിനിമയിൽ പുതിയ അനുഭവമാണ്.
മോഡേൺ വീടും,അതിനുള്ളിൽ ഇംഗ്ലീഷ് പറയുന്ന ഭാര്യയും ഭർത്താവും ഒഴിച്ചാൽ സാധാരണ ഒരു മലയാളി കുടുംബത്തിലെ ദമ്പതികളുടെ കഥയാണ് ആകാശവാണി . മറ്റു ന്യു ജെൻ ചിത്രങ്ങളിലെ ക്ലീഷേകളായ ദ്വയാര്‍ത്ഥപ്രയോഗം കലർന്ന കോമഡികളോ അതിനു പേരുകേട്ട താരങ്ങളോ ഇല്ലാത്ത ഈ ചെറു സിനിമ പക്കാ ഒരു കുടുംബ ചിത്രമാണ്. നവാഗതനായ ഖയാസ് മിലൻ ഒരുക്കിയ ആകാശവാണി മികവിന്റെ വലിയ അവകാശവാദങ്ങളൊന്നും ഉന്നയിക്കുന്നിലെങ്കിലും കുഞ്ഞു ബജറ്റിൽ ഇന്നിന്റെ സിനിമ ആവിശ്യപ്പെടുന്ന സാങ്കേതിക ഘടകങ്ങൾ ചേർത്ത് വച്ച ഒരു ദൃശ്യ മനോഹര കുടുംബ ചിത്രമായി വാഴ്ത്താം. നവാഗതനായ ഇന്ദ്രജിത്താണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ പാട്ട്, രാഹുല്‍ സുബ്രഹ്മണ്യത്തിന്റെ പശ്ചാത്തലസംഗീതം ലിജോ പോളിന്റെ ചിത്രസംയോജനം, ലാലു അലക്‌സ്, ശ്രീജിത്ത് രവി, സൈജു കുറുപ്പ് , സേതു ലക്ഷ്മി എന്നിവരുടെ അഭിനയം എന്നിവ സിനിമയെ മികച്ചതാക്കുന്നു.