തിരുവനന്തപുരം: 2015ലെ കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി പൃഥിരാജും('എന്നു നിന്റെ മൊയ്തീന്‍, ഇവിടെ) ജയസൂര്യയും(സു സു സുധി വാത്മീകം) എന്നിവര്‍ പങ്കിട്ടു. മികച്ച നടിയായി പാര്‍വതി(ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍) തെരഞ്ഞെടുക്കപ്പെട്ടു. ഒറ്റാലിന്റെ സംവിധായകൻ ജയരാജാണ് മികച്ച സംവിധായകൻ. ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ ആണ് മികച്ച സിനിമ.
'നിര്‍ണായക'ത്തിലെ അഭിനയത്തിനു പ്രേംപ്രകാശും ഉറുമ്പുകള്‍ ഉറങ്ങാറില്ല,എന്നു നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു സുധീര്‍ കരമനയും മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം പങ്കുവച്ചു. ലെന(എന്നു നിന്റെ മൊയ്തീന്‍,അലിഫ്) ആണ് മികച്ച സ്വഭാവ നടി. കുമരകം വാസുദേവന്‍,മാസ്റ്റര്‍ അശാന്ത് ഷാ (ഒറ്റാല്‍) എന്നിവര്‍ പുതുമുഖ നടനുള്ള പുരസ്‌കാരം പങ്കിട്ടു. പാര്‍വതി രതീഷ് (മധുരനാരങ്ങ) ആണ് പുതുമുഖ നടി. 'ചാര്‍ലി', 'എന്നു നിന്റെ മൊയ്തീന്‍', 'നീന' എന്നീ സിനിമകള്‍ക്കായി കാമറ ചലിപ്പിച്ച ജോമോന്‍ ടി. ജോണാണു മികച്ച ഛായാഗ്രാഹകന്‍.
'ചാര്‍ലി'ക്കു തിരക്കഥയൊരുക്കിയ ആര്‍. ഉണ്ണിയും മാര്‍ട്ടിന്‍ പ്രക്കാട്ടും തിരക്കഥയ്ക്കുള്ള പുരസ്‌കാരം പങ്കുവച്ചു. പ്രേമം സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ രാജേഷ് മുരുകേശനാണു മികച്ച സംഗീത സംവിധായകന്‍. പ്രേമത്തിലെ മലരേ എന്ന ഗാനം ആലപിച്ച വിജയ് യേശുദാസാണ് മികച്ച ഗായകന്‍. മധുശ്രീ നാരായണ്‍ ആണ് മികച്ച ഗായിക. എന്നു നിന്റെ മൊയ്തീനിലൂടെ നവാഗത സംവിധായകനുള്ള പുരസ്‌കാരവും ആര്‍.എസ്.വിമലിനെ തേടിയെത്തി.
മറ്റു പുരസ്‌കാരങ്ങള്‍: എഡിറ്റര്‍-അല്‍ഫോന്‍സ് പുത്രന്‍ (പ്രേമം), കലാസംവിധാനം-ഗോകുല്‍ ദാസ് (എന്നു നിന്റെ മൊയ്തീന്‍), മികച്ച നിര്‍മാതാവ്- എന്നു നിന്റെ മൊയ്തീന്റെ നിര്‍മാതാക്കളായ ബിനോയ് ശങ്ക്രാന്ത്,സുരേഷ് രാജ്, മേക്കപ്പ്-രഞ്ജിത് അമ്പാടി(മൊയ്തീന്‍) വസ്ത്രാലങ്കാരം- സമീറ സനീഷ് (ചാര്‍ലി,നീന).
പുരസ്‌കാരങ്ങള്‍ ഏപ്രില്‍ 13ന് അങ്കമാലി അറ്റ്‌ലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിതരണം ചെയ്യുമെന്നു ജൂറി ചെയര്‍മാനും സംവിധായകനുമായ ഭദ്രന്‍, കേരള ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി എം.രഞ്ജിത്ത് എന്നിവര്‍ അറിയിച്ചു. മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി എന്നിവര്‍ക്കുള്ള അവാര്‍ഡ് ഒരു ലക്ഷം രൂപ വീതവും മറ്റ് അവാര്‍ഡുകള്‍ 50,000 രൂപ വീതവുമാണ്.