നീലക്കുയില്‍ പുരസ്‌കാരം നെടുമുടി വേണുവിന് മന്ത്രി എ.കെ ബാലന്‍ സമ്മാനിക്കുന്നു
പി. ഭാസ്‌കരന്റെ സഹധര്‍മ്മിണി ഇന്ദിരാ ഭാസ്‌കരന്റേയും മറ്റ് കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ നീലക്കുയില്‍ എന്ന ചലച്ചിത്രത്തിന്റെ 64-ാം വാര്‍ഷികം തിരുവനന്തപുരത്ത് ആഘോഷിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ നവീകരിച്ച രാകേന്ദു ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഏറെ ഹൃദ്യമായ ഈ ചടങ്ങ് നടന്നത്. ഭാസ്‌കരന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മലയാളത്തിന്റെ നീലക്കുയില്‍ എന്ന ഈ ആഘോഷ പരിപാടി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ സഹകരണത്തോടെ ഭാസ്‌കരന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദിയാണ് സംഘടിപ്പിച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സാംസ്‌കാരിക സ്ഥാപനങ്ങളെ പരമാവധി പ്രയോജനപ്പെടുത്തികൊണ്ടുള്ള വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സിനിമാ മേഖലയില്‍ സമഗ്രമായ നിയമ നിര്‍മാണത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ഭാസ്‌കരന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദിയുടെ പ്രഥമ നീലക്കുയില്‍ പുരസ്‌കാരം നടന്‍ നെടുമുടി വേണുവിനും ഭാസ്‌കരന്‍ മാസ്റ്റര്‍ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദറിനും മന്ത്രി സമ്മാനിച്ചു. ലളിതഗാന ശാഖയ്ക്ക് അടിത്തറ പാകിയത് ഭാസ്‌കരന്‍മാസ്റ്ററാണെന്നും സാധാരണക്കാരന് മനസ്സിലാകുന്ന കവിതയും ഗാനങ്ങളുമാണ് അദ്ദേഹം എഴുതിയതെന്നും നെടുമുടി വേണു പറഞ്ഞു. അഭ്രപാളികളില്‍ കവിത എഴുതിയ ഭാസ്‌കരന്‍ മാസ്റ്ററുടെ അനുഗ്രഹത്തോടെയാണ് ഗാനരചനാ രംഗത്തേക്ക് താന്‍ പ്രവേശിച്ചതെന്ന് പൂവച്ചല്‍ ഖാദര്‍ പറഞ്ഞു.
ഭാസ്‌കരന്‍ മാസ്റ്റര്‍ പുരസ്‌കാരം പൂവച്ചല്‍ ഖാദറിന് മന്ത്രി എ.കെ ബാലന്‍ സമ്മാനിക്കുന്നു
പി.ഭാസ്‌കരന്റെ ഭാര്യ ഇന്ദിരാ ഭാസ്‌കരന്‍ , ഗായകരായ പി.ജയചന്ദ്രന്‍ , പന്തളം ബാലന്‍ ,നീലക്കുയില്‍ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ച വിപിന്‍ മോഹന്‍ , അക്കോര്‍ഡിയന്‍ ബി.വേണുഗോപാലന്‍ നായര്‍ (തണ്ടര്‍ബേര്‍ഡ്‌സ് വേണു), സിനിമാ പിന്നണി ഗായകരും സമം എന്ന സംഘടനയുടെ പ്രസിഡന്റുമായ സുധീപ്കുമാര്‍, സെക്രട്ടറി രവിശങ്കര്‍, ഗായിക അഖിലാ ആനന്ദ് , സിനിമാ പി.ആര്‍.ഒ റഹിം പനവൂര്‍, വിനയന്‍, മണി തുടങ്ങിയവരെ മന്ത്രി ആദരിച്ചു. ഭാസ്‌കരന്‍ മാസ്റ്ററുടെ പേരിലുളള പരിപാടികള്‍ കേരളം മുഴുവനും നടത്തണമെന്നും അതിനു വേണ്ടുന്ന എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പി.ജയചന്ദ്രന്‍ പറഞ്ഞു.
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ഡോക്യുമെന്ററിയുടെ സി.ഡി പ്രകാശനം മന്ത്രി നിര്‍വഹിച്ചു.ഭാസ്‌കരന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദിയുടെ ലോഗോ നെടുമുടി വേണു പ്രകാശനം ചെയ്തു.
സിനിമാ പി.ആര്‍.ഒ റഹിം പനവൂറിനെ മന്ത്രി എ.കെ ബാലന്‍ ആദരിക്കുന്നു
കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി എം.ആര്‍ ജയഗീത, വൈസ് ചെയര്‍മാന്‍ രതിന്ദ്രന്‍, ഭാസ്‌കരന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് ഡോ. എം ആര്‍ തമ്പാന്‍, രക്ഷാധികാരി മണക്കാട് രാമചന്ദ്രന്‍, സെക്രട്ടറി റ്റി നാരായണന്‍, ട്രഷറര്‍ ജി. ശിവകുമാര്‍, വയലാര്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് അഡ്വ. കെ ചന്ദ്രിക , ഗോപന്‍ ശാസ്തമംഗലം , രാജ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി ഭാസ്കരന്റെ അനശ്വര ഗാനങ്ങൾ ആസ്വദിക്കുന്ന പ്രമുഖ സദസ്സ്
പി.ഭാസ്‌കരന്റെ നീലക്കുയില്‍ മുതല്‍ വെങ്കലം വരെയുള്ള ചലച്ചിത്രങ്ങളിലെ അനശ്വര ഗാനങ്ങള്‍ പന്തളം ബാലന്‍, രവിശങ്കര്‍, മണക്കാട് ഗോപന്‍, ഖാലിദ് , ബാബു, അജിത് ശിവരാജ്, അഖിലാ ആനന്ദ്, പ്രമീള, സരിതാ രാജീവ്, ശ്രീലക്ഷ്മി നാരായണന്‍, സിന്ധു പ്രതാപ് , രാധിക രാമചന്ദ്രന്‍ എന്നിവര്‍ ആലപിച്ചു. വയലാര്‍ സാംസ്‌കാരിക വേദിയുടെ ഗായകസംഘം പി ഭാസ്‌കരന്റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഗാനാഞ്ജലി അവതരിപ്പിച്ചു.