ബേബി ദേവി ശങ്കരി
രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ജീവിക്കേണ്ടി വന്നിട്ടും അനാഥത്വത്തിന്റെ തീവ്ര വേദനയില്‍ ആഴ്ന്നുപോയ നാനി എന്ന പത്തുവയസ്സുകാരിയുടെ കഥ പറയുന്ന ചിത്രമാണ് മിത്ത്. നവാഗതനായ എം. എസ്. സുനില്‍കുമാറാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. വൈറ്റ് മൂണ്‍ മൂവിസിന്റെ ബാനറില്‍ ഷീജാ വിപിന്‍, ശ്രീജിത്ത് പെരുങ്കടവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
പ്രസാദാത്മകമായ പ്രകൃതിയെ നാനി അനുഭവിച്ചറിയുകയും അവിടെ നിന്ന് ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്നു. ഈ ഉള്ളുണര്‍വിലൂടെ അവള്‍ അനാഥയല്ലെന്ന ബോധത്തിലേക്ക് എത്തിച്ചേരുന്നു. ഏകാന്തതയുടേയും ഒറ്റപ്പെടലിന്റേയും ലോകത്ത് നിരാശഭരിതരായി ജീവിക്കുന്ന കുഞ്ഞുമനസ്സുകള്‍ക്ക് ഒരു പാഠവും പ്രാര്‍ത്ഥനയുമായി നാന്‍സി മാറുന്നു. കേരളത്തിന്റെ ക്ഷേത്ര കലാരൂപമായ ചാക്യാര്‍കൂത്തിനെ പശ്ചാത്തലമാക്കിയാണ് ഈ സിനിമയുടെ അവതരണം.
ബേബി ദേവി ശങ്കരി, ബാലകൃഷ്ണവര്‍മ്മ
സമകാലീക സാമൂഹ്യവ്യവസ്ഥിതിയില്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന അതിക്രൂരമായ പീഢനങ്ങള്‍ക്ക് ബലിയാടാകേണ്ടി വരുന്ന ബാല്യങ്ങള്‍. സാമൂഹ്യതിന്മകള്‍ക്ക് നിഷ്‌കളങ്കരായ കുട്ടികള്‍ ഇരകളായി , വരുംതലമുറയുടെ പ്രതീക്ഷകള്‍ക്ക് നാശം വിതയ്ക്കുന്നു. എന്നാല്‍ അറിവിന്റെ വെളിച്ചവും നന്മയുടെ ലോകവും പകൃതി സ്‌നേഹവും കുട്ടികളില്‍ പകരാന്‍ സമൂഹത്തിന് കഴിഞ്ഞാല്‍ നന്മയുടെ പുതുലോകം സൃഷ്ടിക്കാനാവുമെന്ന് ഈ ചിത്രം പറയുന്നു.
പ്രധാനമന്ത്രി മുദ്രായോജന പദ്ധതി പ്രയോജനപ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ട് കുറഞ്ഞ നിര്‍മാണ ചെലവില്‍ പൂര്‍ത്തിയാക്കിയ ചിത്രമാണിതെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തില്‍ മൂന്ന് ഗാനങ്ങളുണ്ട്. ക്ഷേത്രകലകളില്‍ ഒന്നായ ചാക്യാര്‍കൂത്തിലൂടെ കഥാസഞ്ചാരം നടത്തുന്ന ചിത്രമാണിത്.
ബേബി ദേവി ശങ്കരി എം. എസ്. സുനില്‍കുമാര്‍
ബാലകൃഷ്ണവര്‍മ്മ, എളവൂര്‍ അനില്‍, പ്രദീപ് എസ്. എന്‍, ദിലീപ് പള്ളം ,പീറ്റര്‍ നീണ്ടുര്‍, അശോകന്‍ എ. എസ് , ജയറാം ദാസ് , മാസ്റ്റര്‍ കൈലാസ് നായര്‍ എം. എസ്, മാസ്റ്റര്‍ അനന്തപത്മാനഭന്‍, മോഹനന്‍ വൈശാലി , ശ്രീജിത്ത് പെരുങ്കടവിള, ബേബി ദേവി ശങ്കരി , മായാ സുരേഷ് , സാന്ദ്രാ പി.സുനില്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. അണ്‍ പ്ലഗ്ഡ് എക്‌സ്പ്രഷന്‍സ് തീം ഡ്രാമാ ഗ്രൂപ്പ് കലാകാരന്‍മാരും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പുതുമുഖങ്ങളായ മുപ്പതോളം കുട്ടികളും ഈ സിനിമയില്‍ കഥാപാത്രങ്ങളായിട്ടുണ്ട്.
ഛായാഗ്രഹണം : ജഗദീഷ് വി വിശ്വം. ഗാനരചന: ചുനക്കര രാമന്‍കുട്ടി, എളവൂര്‍ അനില്‍. സംഗീതം: അരുണ്‍രാജ്, ജി കെ ഹരീഷ്മണി.ഗായകര്‍ : മധു ബാലകൃഷ്ണന്‍, കെ ഉണ്ണികൃഷ്ണന്‍, അരുണ്‍രാജ്.പശ്ചാത്തല സംഗീതം: അരുണ്‍രാജ്. നൃത്തം : ഡോ. ഗായത്രി സുബ്രമണ്യന്‍. ചമയം : ലാല്‍ കരമന. കലാസംവിധാനം: ബൈജു വിതുര. വസ്ത്രാലങ്കാരം : ശ്രീജിത് കുമാരപുരം. അസോസ്സിയേറ്റ് ഡയറക്ടര്‍ : സുബാഷ് പുളിമൂട്ടില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഹരി വെഞ്ഞാറമൂട് . പി. ആര്‍. ഒ. : റഹിം പനവൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : അരുണ്‍ വി .റ്റി. ഡിസൈനര്‍ : രമേഷ് എം. ചാനല്‍.
ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഉടന്‍ തിയേറ്ററുകളിലെത്തും.