ഫൈസല്‍ റാസി, രജനികാന്ത്
ബ്രഹ്മാണ്ഡ ചിത്രമായ യന്തിരന്‍-2 ല്‍ മെഗാസ്റ്റാര്‍ രജനികാന്തിനോടൊപ്പം അഭിനയിച്ച ദുബായ് മലയാളിയായ ഫൈസല്‍ റാസി എന്ന യുവതാരം ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ നായകനായി തിളങ്ങുന്നു. ചലച്ചിത്ര രംഗത്തെത്തി കുറഞ്ഞ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക പ്രീതി നേടിയ ഈ യുവനായകന്‍ സിനിമയില്‍ സജീവ സാന്നിദ്ധ്യം ഉറപ്പിച്ചുകഴിഞ്ഞു. ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന്‍-2 ല്‍ രജനികാന്തിനോടൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലാണ് ഫൈസല്‍ റാസി. അരുണ്‍മൊഴി വര്‍മ്മന്‍ എന്ന ഐ.പി.എസ് ഓഫീസറുടെ വേഷമാണ് ഫൈസലിന്. യന്തിരന്‍-2 വില്‍ തനിക്ക് അഭിനയിക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ പലരും ആദ്യം വിശ്വസിച്ചില്ലെന്നും അഭിനയിച്ചു കഴിഞ്ഞതിനുശേഷം രജനി സാറിനോടൊപ്പമുള്ള ഫോട്ടോ കണ്ടപ്പോഴാണ് അവര്‍ക്ക് ബോദ്ധ്യമായതെന്നും ഫൈസല്‍ പറഞ്ഞു. സിനിമയുടെ കോസ്റ്റ്യൂമില്‍ ഫോട്ടോയെടുക്കാന്‍ കഴിയാത്തതുകൊണ്ട് സിനിമയുടെ ചിത്രീകരണത്തിനു ശേഷം പ്രത്യേകം വിളിച്ചുവരുത്തി രജനി സാറിനോടൊപ്പം നിര്‍ത്തി ഫോട്ടോയെടുപ്പിച്ച് സന്തോഷത്തോടെയാണ് യാത്രയാക്കിയതെന്ന് ഫൈസല്‍ പറഞ്ഞു. എളിമയും നിറഞ്ഞ സ്‌നേഹവുമുള്ള വലിയ കലാകാരനാണ് രജനികാന്ത് എന്ന് ഫൈസല്‍ സാക്ഷ്യപ്പെടുത്തുന്നു.
ഫൈസല്‍ റാസി
ദുബായില്‍ വച്ച് നാനാ പഠേക്കര്‍, ഭരത് മുരളി എന്നിവരുടെ കീഴില്‍ അഭിനയക്കളരികളില്‍ പരിശീലനം നേടിയിട്ടുള്ള ഈ യുവാവ് സിനിമ എന്ന മാധ്യമത്തെ ഒരുപാടിഷ്ടപ്പെട്ട് ഈ രംഗത്തെത്തുകയായിരുന്നു. അഭിരാം സുരേഷ്ഉണ്ണിത്താന്‍ സംവിധാനം ചെയ്ത യക്ഷി ഫെയ്ത്ത്ഫുളി യുവേഴ്‌സ് എന്ന മലയാള ചലച്ചിത്രത്തില്‍ നായകനായി അഭിനയിച്ചാണ് ഫൈസല്‍ റാസി ചലച്ചിത്ര രംഗത്ത് എത്തിയത്. സിദ്ദിഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി, നയന്‍താര എന്നിവരോടൊപ്പം അഭിനയിച്ചു. നയന്‍താരയുടെ കഥാപാത്രത്തിന്റെ സഹോദരനായ കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെയാണ് ഫൈസല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ജേക്കബിന്റെ സ്വര്‍ക്ഷരാജ്യം, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ ചിത്രങ്ങളിലും ഫൈസല്‍ ശ്രദ്ധിക്കപ്പെട്ടു. പ്രകാശ് സംവിധാനം ചെയ്ത ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ചിത്രത്തില്‍ രണ്ട് നായകന്മാരില്‍ ഒരാളാണ് ഫൈസല്‍ റാസി. ജയന്‍ എന്നാണ് ഫൈസലിന്റെ നായക കഥാപാത്രത്തിന്റെ പേര്. വീട്ടുകാര്‍ക്കുവേണ്ടി ജീവിക്കുന്ന എന്നാല്‍ പരുക്കനായ ഒരു കഥാപാത്രം. ഈ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. വി.വി.സന്തോഷ് സംവിധാനം ചെയ്ത വയ്യാവേലി എന്ന ചിത്രത്തിലും ഈ യുവതാരം നായകനായി അഭിനയിച്ചു. പെട്ടെന്ന് സമ്പന്നനാകാന്‍ വേണ്ടി പരിശ്രമിക്കുന്ന പ്രേം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്ന ചിത്രത്തില്‍ ഫൈസലിന് ശ്രദ്ധേയമായ വേഷമാണ്. അനില്‍ ബാബു ടീമിലെ അനില്‍ സംവിധാനം ചെയ്യുന്ന ലക്‌നൗ എന്ന ത്രിഭാഷ ചിത്രത്തിലും ഫൈസല്‍ കഥാപാത്രമായി. ഏറെ സങ്കീര്‍ണ്ണതകളുള്ള ഒരു കഥാപാത്രമാണ് ഈ ചിത്രത്തില്‍.
ശശീന്ദ്ര സംവിധാനം ചെയ്ത മ ആണ് ഈ യുവനായകന്റെ മറ്റൊരു ചിത്രം. തമിഴ്, മലയാളം, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായാണ് ഈ ചിത്രം ഒരുക്കുന്നത്. അഴകിരി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഫൈസല്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്. കേരളത്തില്‍ ഉണ്ടായ പ്രളയ ദുരന്തത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളിയായ എം. ചന്ദ്രമോഹന്‍ തമിഴിലും മലയാളത്തിലുമായി കണ്‍ട്രോള്‍ ഇസഡ് എന്ന ചിത്രത്തില്‍ രണ്ട് നായകന്മാരില്‍ ഒരാളായ ഫൈസല്‍ റാസി മഹേഷ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സൈക്കോ ത്രില്ലറായ ഈ ചിത്രത്തിലേത് മികച്ചൊരു കഥാപാത്രമാണെന്ന് ഫൈസല്‍ പറഞ്ഞു.
ജഫ്രി സംവിധാനം ചെയ്യുന്ന പെരുംകൊല്ലന്‍ എന്ന ചിത്രത്തിലാണ് ഫൈസല്‍ റാസി ഇപ്പോള്‍ നായകനായി അഭിനയിക്കുന്നത്. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇന്‍ലന്‍ഡ് ആണ് ഫൈസലിന്റെ മറ്റൊരു ചിത്രം. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. തമിഴിലെ മുന്‍നിര സംവിധായകനായ എം. മണിമാരന്‍ സംവിധാനം ചെയ്യുന്ന പ്രഭാകരന്‍ സെല്വത് ഉണ്‍മൈ എന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫൈസല്‍ റാസിയാണ്.വിവിധ ഭാഷകളിലെ ധാരാളം ചിത്രങ്ങളിലേക്ക് ഈ യുവനായകന് അവസരമെത്തുന്നുണ്ട്.
അഭിനേതാവ് എന്നതുപോലെ മികച്ചൊരു നര്‍ത്തകന്‍ കൂടിയാണ് ഈ യുവകലാകാരന്‍. ചെറു പ്രായംതൊട്ടേ ഡാന്‍സ് പഠിച്ചു തുടങ്ങിയ ഫൈസല്‍ നിരവധി സ്റ്റേജുകളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. എട്ടുഭാഷകളില്‍ എഴുതാനും വായിക്കാനും ഈ യുവതാരത്തിന് പ്രാവിണ്യമുണ്ട്. ഗുരുവായൂര്‍ സ്വദേശിയായ ഫൈസല്‍ റാസി ദുബായിലാണ് സ്ഥിരതാമസം. ദുബായില്‍ ജോലിയും ബിസിനസ്സും കലാ-കാരുണ്യ പ്രവര്‍ത്തനങ്ങളുമായി സജീവമാണ് ഈ യുവാവ്. സിനിമയില്‍ മികച്ച കഥാപാത്രങ്ങളെ തുടര്‍ന്നും അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഈ യുവതാരത്തിന് സിനിമ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.