ബംഗളൂരു: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആരാധകരുടെ പാലഭിഷേകത്തെ കോടതി വിമർശിച്ചു. സൂപ്പര്‍ താരത്തിന്റെ ജന്മദിനാഘോഷത്തിനിടെ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തി ആയിരക്കണക്കിനു ലിറ്റര്‍ പാല്‍ പാഴാക്കിയെന്നാരോപിച്ചു നല്‍കിയ കേസ് പരിഗണിക്കവേയാണു കോടതി വിമര്‍ശനം. ഡോ. ഐ.എം.എസ്. മണിവാണ പരാതിക്കാരനായ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
സിനിമ പോസ്റ്ററുകളിലും കട്ടൗട്ടുകളിലും പാലഭിഷേകം നടത്തരുതെന്നു ആരാധകരെ ഉപദേശിക്കണമെന്നും ഇത്തരം ദുര്‍ചെലവുകള്‍ ഒഴിവാക്കാന്‍ സൂപ്പര്‍ താരം മുന്‍കൈയെടുക്കണമെന്നും ബംഗളൂരു സിവില്‍ കോടതി നിര്‍ദേശിച്ചു.
എന്നാല്‍ പാലഭിഷേകം തങ്ങളുടെ താത്പര്യ പ്രകാരമാണെന്ന വാദവുമായി ഫാന്‍സ് അസോസിയേഷനുകളും രംഗത്തെത്തി.
ഈ മാസം 26നു നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി രജനീകാന്തിനു നോട്ടീസ് അയച്ചു. ഏപ്രില്‍ 11നു കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ രജനീകാന്ത് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.