തിരുവനന്തപുരം:ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 15ന് ഞായറാഴ്ച ആരംഭിക്കും. അക്കാദമിയിലേക്കുള്ള ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ആയാണ് ഇത് രൂപകല്പ്പന ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മേളയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കെല്ലാം യൂസര്‍നെയിമും പാസ്‌വേര്‍ഡും ഇ-മെയിലായി അയച്ചതായി ചലച്ചിത്ര അക്കാദമി സെക്രട്ടറി എ#് രാജേന്ദ്രന്‍ നായര്‍ അറിയിച്ചു, ഇത് ലഭിച്ചവര്‍ക്ക് മേളയ്ക്ക് www.iffk.in എന്ന വെബ്‌സൈറ്റിലൂടെ ഈ മേളയില്‍ പ്രതിനിധിയായി രജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്ക് നേരിട്ട് ഓണ്‍ലൈന്‍ പേമെന്റ് നടത്തുന്നതിനും എസ് ബി ടി ബ്രാഞ്ചുകള്‍ വഴി പണമടയ്ക്കുന്നതിനും ചെല്ലാന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും.
പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് www.iffk.in എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, പേര്, ജനനത്തീയതി, മേല്‍വിലാസം, തൊഴില്‍ എന്നിവ രേഖപ്പെടുത്തണം. അതുകഴിഞ്ഞ് പണമടയ്ക്കുന്നതിന് ഓണ്‍ലൈന്‍ ലിങ്കും സ്റ്റേറ്റ്ബാങ്ക് ലിങ്കും പ്രയോജനപ്പെടുത്താം. ഓണ്‍ലൈന്‍ ലിങ്ക് പ്രയോജനപ്പെടുത്തുന്നവര്‍ ക്രെഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിവയിലേതെങ്കിലും വഴി പണമടയ്ക്കാം. ഡെലിഗേറ്റ് ഫീസിന് ബാങ്ക് ചാര്‍ജ്ജ് ഈടാക്കും.
സ്റ്റേറ്റ് ബാങ്ക് സൗകര്യം പ്രയോജനപ്പെടുത്തുന്നവര്‍ക്ക് സ്റ്റേറ്റ് ബാങ്ക് വഴിയും ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ്കാര്‍ഡ്, ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേന ഓണ്‍ലൈനായും ചെല്ലാന്‍ പ്രിന്റ് ചെയ്ത് ബാങ്ക് കൗണ്ടര്‍ മുഖേനയും പണമടയ്ക്കാം. കൗണ്ടര്‍ പേമെന്റ് ബാങ്കുകള്‍ നിരുത്സാഹപ്പെടുത്തുന്നതിനാല്‍ അതിന് ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനേക്കാള്‍ നിരക്ക് കൂടുതലാണ്.
അക്കാദമിയില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തുന്നവരെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, പ്രാദേശിക ചലച്ചിത്രോത്സവങ്ങള്‍, ഐ.എഫ്.എഫ്.കെ തുടങ്ങിയ മറ്റ് പരിപാടികളും ഇ-മെയില്‍ വഴി അറിയിക്കും. രജിസ്റ്റര്‍ ചെയ്യുമ്പോഴും പണമടയ്ക്കുമ്പോഴും ഇ-മെയില്‍ മുഖേന പ്രതിനിധികള്‍ക്ക് അറിയിപ്പ് ലഭിക്കും. കൂടാതെ സംശയദൂരീകരണത്തിന് ഓണ്‍ലൈന്‍ ചാറ്റ് സൗകര്യവും ടെലഫോണ്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യങ്ങള്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെ ലഭ്യമാണ്.
ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തുള്ള ഓഫീസിലും പനവിളയിലുള്ള ലൈബ്രറിയിലും ഡെലിഗേറ്റ് ഹെല്‍പ്പ്‌ഡെസ്‌ക്ക് ആരംഭിച്ചതായും സെക്രട്ടറി അറിയിച്ചു. ആവശ്യമായ വിവരങ്ങളും സഹായങ്ങളും അവിടെനിന്ന് രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ 0471 - 4100320 എന്ന ഫോണ്‍നമ്പരിലും നേരിട്ടും ലഭിക്കും. കൂടാതെ സീനിയര്‍ സിറ്റിസണ്‍, ഭിന്നശേഷിയുള്ളവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്ന് പണം നേരിട്ട് സ്വീകരിക്കുന്നതിന് ഈ ഹെല്‍പ്പ്‌ഡെസ്‌ക്കുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നവംബര്‍ 30 മുതല്‍ ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ ഡെലിഗേറ്റ് കാര്‍ഡും കിറ്റും വിതരണംചെയ്യും. ഡിസംബര്‍ 4 മുതല്‍ 11 വരെയാണ് മേള.