അനില്‍ ആറ്റിങ്ങല്‍
നാടകരംഗത്ത് അഭിനേതാവായും സംവിധായകനായും വിജയകരമായ മുപ്പത്തിരണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് അനില്‍ ആറ്റിങ്ങല്‍. നാടകത്തിലാണ് തുടക്കമെങ്കിലും ചലച്ചിത്ര, സീരിയല്‍ രംഗങ്ങളില്‍ ഇപ്പോള്‍ സജീവമാണ് അനില്‍. 1977-ല്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ തുടങ്ങിയതാണ് അഭിനയ ജീവിതം. കലാരംഗത്ത് ഗുരുസ്ഥാനത്ത് കാണുന്ന എം.എസ്.സതീഷിന്റെ സംവിധാനത്തില്‍ അവതരിപ്പിച്ച, പ്രൊഫ.ജി.ശങ്കരപ്പിള്ളയുടെ ഉച്ഛാടനം എന്ന നാടകത്തിലെ രാജാവും ഭീമഘടോല്‍ക്കച ബൊമ്മലാട്ടത്തിലെ ഭീമനും അനില്‍ അരങ്ങില്‍ നിറഞ്ഞാടിയ വേഷങ്ങളാണ്. ഇരുനാടകങ്ങളിലുമായി എൺപതോളം പുരസ്‌കാരങ്ങള്‍ അനിലിനും സംവിധായകനും ലഭിച്ചിട്ടുണ്ട്.
നാടകരംഗത്ത് അഭയന്‍ കലവൂര്‍, കരകുളം ചന്ദ്രന്‍, ആദിനാട് ശശി, കണ്ണൂര്‍ വാസൂട്ടി, ഫ്രാന്‍സിസ് ടി. മാവേലിക്കര, സതീഷ് സംഗമിത്ര, വി.ആര്‍.സുരേന്ദ്രന്‍, ഉമേഷ് അനുഗ്രഹ, സുഗതന്‍ പെരുങ്ങുഴി, കൊല്ലം കെ.രാജേഷ് എിന്നിവരോട് എന്നും കടപ്പാടുണ്ടായിരിക്കുമെന്ന് അനില്‍ ആറ്റിങ്ങല്‍ പറയുന്നു.
തൊണ്ണൂറു വയസ്സുള്ള കല്ല്യാണരാമന്‍
ആദിനാട് ശശി സംവിധാനം ചെയ്ത കല്ല്യാണരാമന്‍ എന്ന നാടകത്തില്‍ അനില്‍ അവതരിപ്പിച്ച തൊണ്ണൂറു വയസ്സുള്ള കല്ല്യാണരാമന്‍ എന്ന ടൈറ്റില്‍ കഥാപാത്രം നാടക സ്‌നേഹികള്‍ നിറഞ്ഞമനസ്സോടെ എന്നും ഓര്‍മ്മിക്കും. ഖത്തര്‍ ഉള്‍പ്പെടെ ഇരുന്നൂറ്റി അമ്പതോളം വേദികളില്‍ കല്ല്യാണരാമന്‍ അരങ്ങേറി. ചിന്നപ്പാപ്പാന്‍ എന്ന മെഗാഹിറ്റ് നാടകവും ഖത്തറില്‍ അവതരിപ്പിച്ചു. പതിനഞ്ചോളം അമേച്യര്‍ നാടകങ്ങളിലും മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലും ഈ അതുല്യനടന്‍ അഭിനയിച്ചു.
അമേച്യര്‍, പ്രൊഫഷണല്‍ നാടകരംഗത്ത് അഭിനയമികവ് തെളിയിച്ച അനിലിന് ഷോര്‍ട്ട് ഫിലിം, സീരിയല്‍, സിനിമ എന്നിവയില്‍ അവസരം ലഭിക്കുകയായിരുന്നു. പത്തോളം ഷോര്‍ട്ട്ഫിലിമുകളിലും നാല്‍പ്പതോളം ടി.വി സീരിയലുകളിലും പത്തോളം സിനിമകളിലും അനില്‍ ആറ്റിങ്ങല്‍ കഥാപാത്രങ്ങളായി മാറി. ഇതില്‍ കള്ളക്കടത്ത്, വില, കാഴ്ചയ്ക്കുമപ്പുറം, ശലഭങ്ങള്‍ എന്നി ഹ്രസ്വചിത്രങ്ങള്‍ ശ്രദ്ധേയങ്ങളായിരുന്നു. ഫ്‌ളവേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്ത മൂന്നുമണി എന്ന സീരിയലിലെ ഗീവര്‍ഗ്ഗീസ് പുണ്യാളന്‍ എന്ന വേഷവും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ശബരിമല സ്വാമി അയ്യപ്പന്‍ എന്ന സീരിയലിലെ കാട്ടുമൂപ്പന്‍ എന്ന കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടി.
സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള സിനിമ-ടിവി ഡയറക്ടറിയായ സ്‌ക്രീന്‍ ടച്ച് നിര്‍മ്മിക്കുന്ന കുട്ടന്‍പിള്ളയുടെ ചായക്കട എന്ന വെബ് സീരീസില്‍ കോമഡിക്ക് പ്രാധാന്യമുള്ള കുട്ടന്‍പിള്ള എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനില്‍ ആറ്റിങ്ങല്‍ ആണ്. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ഡ്രാമാ ആരട്ടിസ്റ്റ് കൂടിയായ അനില്‍ എഴുപത്തിയഞ്ചോളം നാടകങ്ങള്‍ക്കുവേണ്ടി ശബ്ദം നല്‍കിയിട്ടുണ്ട്. ചിത്രീകരണം നടക്കുന്നതും തുടങ്ങാനുള്ളതുമായ നിരവധി സിനിമകളിലും സീരിയലുകളിലും അനിലിന് വ്യത്യസ്ത കഥാപാത്രങ്ങളാണുള്ളത്.
മംഗലത്ത് വസുന്ധരയിൽ ദേവനോടൊപ്പം അനിൽ ആറ്റിങ്ങൽ
അരങ്ങിലെ അഭിനയത്തിന്റെ ചടുലതയും ക്യാമറയുടെ മുിലുള്ള അഭിനയത്തിന്റെ സ്വാഭാവികതയും അനിലിന് തിരിച്ചറിയാമെന്ന് അനിലിന്റെ സംവിധായകര്‍ സാക്ഷ്യപ്പെടുത്തുന്നു. തിക്കുറിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അനിലിനെ തേടി എത്തിയിട്ടുണ്ട്. മുപ്പത്തി രണ്ട് വര്‍ഷത്തെ നാടകരംഗത്തെ പരിചയംകൊണ്ട് ക്യാരക്ടര്‍ റോളുകളും കോമഡി, വില്ലന്‍ കഥാപാത്രങ്ങളും തന്മയത്വമായി അവതരിപ്പിക്കാന്‍ ഈ കലാകാരന് കഴിയും. സീരിയല്‍, സിനിമ രംഗങ്ങളില്‍ ശക്തമായ കഥാപാത്രങ്ങള്‍ തുടര്‍ന്നും അവതരിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് അനില്‍ ആറ്റിങ്ങല്‍ പറയുന്നു.
വീട്ടമ്മയായ അനിത ആണ് അനിലിന്റെ ഭാര്യ. മൂത്ത മകള്‍ അനുശ്രീ എം.എസ്.സി വിദ്യാര്‍ത്ഥിനിയും ഇളയമകള്‍ അനുപ്രിയ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമാണ്.
അനില്‍ ആറ്റിങ്ങലിന്റെയും അനിലിന്റെ വീടിന്റെയും കുടുംബാംഗങ്ങളുടെയും താമസസ്ഥലത്തിന്റെയും പേരുകള്‍ 'അ' എന്ന അക്ഷരത്തിലാണ് തുടങ്ങുതെന്ന പ്രത്യേകതയുമുണ്ട്.