അഖില
മുന്തിരിമൊഞ്ചൻ സിനിമ. ഷൂട്ടിംഗിനായി പ്രത്യേകം കുഴിച്ച അത്യാവശ്യം ആഴമുള്ള കിണർ. കഥയിലേക്ക് കടക്കുന്ന നിർണ്ണായക സീനാണ്. പേർഫെക്ഷൻ പരമാവധി വേണം. ഈ കിണറ്റിലേക്ക് ആണ് അഖില അവതരിപ്പിക്കുന്ന കഥാപാത്രം ചാടേണ്ടത്. ക്യാമറമാൻ ഷാൻ മുകളിൽ നിന്നുള്ള ഷോട്ട് എടുക്കാൻ റെഡി ആയി നിന്നു.
അഖില കിണറിന്റെ വക്കിൽ വന്ന് നിന്ന് താഴെക്കൊന്ന് നോക്കി. സ്റ്റണ്ട് മാസ്റ്റർ അഷ്റഫ് ഗുരുക്കൾ റോപ്പുമായി വന്ന് അവളെ അരികിലേക്ക് വിളിച്ചു. ക്രെയിൻ റെഡിയായി നിൽക്കുന്നുമുണ്ട്. കിണറ്റിലേക്ക് ഒന്നുകൂടി നോക്കി അഖില എന്ന പുതുമുഖം പറഞ്ഞു ' കയറൊന്നും വേണ്ടാ അങ്കിൾ ഞാൻ ചാടിക്കോളാം!'
ഗുരുക്കൾ അഖിലയെ അത്ഭുതത്തോടെ ഒന്ന് നോക്കി. ബാംഗ്ലൂർ ക്രൈസ്റ്റ് കോളജിൽ പെർഫോർമൻസ് ആർട്ട്സ് ഡിഗ്രി വിദ്യാർഥിനി ആയ, കൗമാരം കടന്നിട്ടില്ലാത്ത അഖില അപ്പോഴും കൂളായി മൂളി.
എല്ലാവരും ശ്വാസമടക്കി നിന്നപ്പോൾ അവൾ ചാടി. കിണടിനടിയിൽ വിരിച്ച ബെഡിലേക്ക് വീണു. സീൻ പെർഫെക്ട് ആയെങ്കിലും കണ്ടുനിന്നവരുടെ നെഞ്ചിടിപ്പ് പെർഫെക്ട് ആവാൻ പിന്നെയും സമയം എടുത്തു. കിണറിനടിയിൽ നിന്നുള്ള മൂന്നു ഷോട്ടിലും അഖില ചാട്ടം ആവർത്തിച്ചു. ഇതിന്റെ കണ്ടിന്യൂ ഷോട്ടിനുവേണ്ടി കായൽ വെള്ളത്തിലേക്കും അവൾ കൂളായി ചാടി. അന്ന് കൂടെ അഭിനയിച്ച സലീംകുമാർ തമാശയായി പറഞ്ഞു , " കുട്ടി ന്യൂജൻ ഒക്കെയാ സമ്മതിച്ചു പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ'
അഭിനയം സ്വപ്നമായി കൊണ്ടുനടക്കുന്ന അഖില പഠിച്ചതും വളർന്നതുമൊക്കെ ദുബായിൽ ആണ്. ആ താല്പര്യം കൊണ്ട് മാത്രമാണ് ക്രൈസ്റ്റ് കോളജിൽ ആ വിഷയം തിരഞ്ഞെടുത്തത്. നല്ലൊരു നർത്തകി കൂടിയായ അഖില മികച്ച വേഷങ്ങൾ കിട്ടിയാൽ ഇനിയും ചാടാം എന്ന് കള്ളച്ചിരി പൊഴിച്ച് പറയുന്നു.
ബെൻസി പ്രൊഡക്ഷൻസിന്റെ അടുത്ത ചിത്രത്തിൽ മികച്ചൊരു വേഷം അഖില ചെയ്യുന്നുണ്ട്. പഠനത്തെ ബാധിക്കാത്ത രീതിയിൽ അഭിനയം മുന്നോട്ട് കൊണ്ടുപോകാനാണ് താല്പര്യം.
ഈ 25 ന് മുന്തിരിമൊഞ്ചൻ റിലീസാവുകയാണ്. ആ കയറുകെട്ടാത്ത ചാട്ടം നിങ്ങൾക്കും കാണാം