ആവണി, ജയേന്ദ്രനാഥ്
സജീവ് കിളികുലം രചനയും ഗാനരചനയും സംവിധാനവും നിര്‍വഹിച്ച പ്രേമിക എന്ന ചലച്ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ജയേന്ദ്രനാഥ് ഫിലിംസിന്റെ ബാനറില്‍ ജയേന്ദ്രനാഥ് മുക്കാട്ടില്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ഭക്തി, പ്രണയം, വിപ്ലവം എന്നിവ തമ്മിലുള്ള ആശയപരമായ പോരാട്ടമാണ് സിനിമയുടെ പ്രമേയം. കവിതയും സാഹിത്യവും സംഗീതവും മനുഷ്യമനസ്സുകളെ ഏതൊക്കെ രീതിയില്‍ സ്വാധീനിക്കുമെന്നുള്ളതിന് മനോഹരമായ നിര്‍വചനമാണ് പ്രേമിക എന്ന ചലച്ചിത്രം എന്ന് സംവിധായകന്‍ സജീവ് കിളികുലം പറഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചലച്ചിത്രത്തിന്റേത് ലളിത മനോഹരമായ അവതരണരീതിയാണ്. കവിതയും പ്രണയവും വിപ്ലവബോധവും ഒന്നില്‍നിന്നും മറ്റൊന്നിലേയ്ക്ക് നടന്നുകയറുവാന്‍ പരസ്പരം ഏണിപ്പടികളായി നില്‍ക്കുന്ന സവിശേഷമായ സാഹചര്യവും സിനിമയില്‍ ഉടനീളമുണ്ട്. കാലികമായ സംഭവങ്ങളെ ഈ ചിത്രത്തില്‍ പ്രതീകാത്മകമായി അവതരിപ്പിക്കുന്നു.
സജീവ് കിളികുലം
സജീവ് കിളികുലം, ജയേന്ദ്രനാഥ് മുക്കാട്ടില്‍, ജിഷ, ആവണി, ആര്‍ച്ച, അനാര്‍ക്കലി, പ്രസന്ന, റീത്ത, ചന്ദ്രന്‍, സജീവന്‍, രാജന്‍ പാന്നൂര്‍, വിജേഷ്, എം.കെ.ആര്‍.പാന്നൂര്‍, രവി ചീരാറ്റ, സുശീല്‍, തപസ്യ, മാളവിക, അനഘ്, ഹൃദേന്ദു, അവിഘ്‌ന എന്നിവരാണ് അഭിനേതാക്കള്‍.
ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകന്‍ സജീവ് കിളികുലം തന്നെയാണ്. യതീന്ദ്രന്‍ എന്ന വിപ്ലവാത്മകമായ ഒരു കഥാപാത്രത്തെയാണ് സജീവ് അവതരിപ്പിക്കുന്നത്. മറ്റു ചിത്രങ്ങളില്‍ സജീവ് കഥാപാത്രങ്ങളായിട്ടുണ്ടെങ്കിലും നായക കഥാപാത്രം ഇതാദ്യമായാണ്. ഓരോ കഥാപാത്രവും ഓരോ സൈദ്ധാന്തിക വശങ്ങളെ പ്രതിനിധാനം ചെയ്യുന്നു. നിര്‍മ്മാതാവ് ജയേന്ദ്രനാഥ് അവതരിപ്പിക്കുന്ന സ്വാമി എന്ന കഥാപാത്രം ഒറ്റപ്പെട്ടുപോകുന്ന മനുഷ്യ ജീവിതങ്ങള്‍ ആധ്യാത്മികതയിലൂടെ ആത്മശാന്തി തേടുന്ന ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. രണ്ട് നായിക കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്. ജിഷ, ആവണി എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ നായികമാര്‍. പക്വപൂര്‍ണമായ വിപ്ലവബോധത്തിന്റെ പെണ്‍ മനസ്സാണ് ജിഷ അവതരിപ്പിക്കുന്ന മരിയ ഫെര്‍ണാണ്ടസ് എന്ന കഥാപാത്രം. കല മനുഷ്യ ഹൃദയങ്ങളെ ശക്തമായി സ്വാധീനിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ആവണി അവതരിപ്പിക്കുന്ന താരശ്രീ എന്ന കഥാപാത്രം.
പ്രസന്ന, ആവണി, റീത്ത, ജയേന്ദ്രനാഥ്ഉദ്ദേശ്യ ലക്ഷ്യങ്ങളില്ലാതെ താന്‍ ചെയ്യുന്നതെന്തെന്ന് തിരിച്ചറിയാനുള്ള കഴിവ് നഷ്ട്ടപ്പെട്ട മേലാളന്‍മാരുടെ ചട്ടുകങ്ങളായി വര്‍ത്തിക്കുന്ന അപക്വ യൗവ്വനങ്ങളെയും ചലച്ചിത്രത്തിലുടനീളം കണ്ടുമുട്ടാം. എവിടെയും എങ്ങും എത്താത്ത കാലിക പ്രണയോത്സുകതയുടെയും സായുധ വിപ്ലവത്തിന്റെ നിസ്സാരതയെയും ചലച്ചിത്രം ചൂണ്ടിക്കാട്ടുന്നു. പൊതുവെ സമാധാനപ്രിയരായ ലക്ഷ്യബോധമുള്ള ജനതകളുടെ ജീവിത വിജയം വരച്ചുകാട്ടുമ്പോള്‍ തന്നെ ചില പ്രത്യയശാസ്ത്രങ്ങളുടെ തളര്‍ച്ചയും ദൗര്‍ബല്യവും ഈ സിനിമയില്‍ കാണാം. യഥാര്‍ത്ഥത്തില്‍ പ്രേമിക മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളാണ് വ്യക്തമാക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.
ജിഷ
ഹൃദ്യമായ കവിതകളും ഗാനങ്ങളും ചിത്രത്തെ മനോഹരമാക്കുന്നു. കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ജൈവ വൈവിധ്യമാര്‍ന്ന മാടായിപാറയിലെ ദൃശ്യങ്ങള്‍ അഭൗമമായ തലത്തിലേക്ക് ചലച്ചിത്രത്തെ ഉയര്‍ത്തുന്നുണ്ട്.
ആര്‍ച്ച
പ്രേമികയുടെ ടീസര്‍ വയനാട് മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ വച്ച് മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രവീജ് പ്രകാശനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ സുധീര്‍, നിര്‍മ്മാതാവ് ജയേന്ദ്രനാഥ് മുക്കാട്ടില്‍, പള്ളിയാല്‍ സൂപ്പി എന്നിവരും പ്രേമികയിലെ കലാകാരന്മാരും സാങ്കേതിക വിദഗ്ധരും സാമൂഹിക രാഷ്ട്രീയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. സംവിധായകന്‍ സജീവ് കിളികുലവും ഗായിക റീജയും പ്രേമികയിലെ ഗാനങ്ങള്‍ ആലപിച്ചു.
ചിത്രത്തിന്റെ പോസ്റ്റര്‍ പ്രകാശനം കണ്ണൂര്‍ പിണറായിയില്‍ നടന്നു.
അനഘ്, ഹൃദേന്ദു, അവിഘ്‌ന
ഛായാഗ്രഹണം : പ്രേം. സംഗീതം, പശ്ചാത്തല സംഗീതം : ആനന്ദ്കുമാര്‍. ഗായകര്‍ : റീജ, സജീവ് കിളികുലം, ജയേന്ദ്രനാഥ്, തപസ്യ കിളികുലം. എഡിറ്റിംഗ്, കളര്‍ കണ്‍സള്‍ട്ടന്റ്, ശബ്ദമിശ്രണം : രഘു. മേക്കപ്പ് : പ്രസന്ന. കലാസംവിധാനം: മാളവിക കിളികുലം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഷനോജ് കിളികുലം. പി ആര്‍ ഒ : റഹിം പനവൂര്‍.
പ്രേമികയുടെ ടീസര്‍ പ്രകാശനം മാനന്തവാടി മുന്‍സിപല്‍ ചെയര്‍മാന്‍ പ്രവീജ് നിര്‍വഹിക്കുന്നു