മലയാളത്തിലെ ആദ്യത്തെ സോംബി മൂവി 'രാ 'വരുന്നു; സ്‌നീക് പീക്ക് വീഡിയോ ഇറങ്ങി
Sumeran PR
ഭയം നിറഞ്ഞ് വീടിനുള്ളില്‍ അടഞ്ഞു കഴിയേണ്ടിവരുന്ന അവസ്ഥ നമുക്ക് ഇപ്പോള്‍ ഒരു നടക്കാത്ത കഥയല്ല. ഒന്നിച്ചുകൂടല്‍ അന്യം നിന്നുപോകുന്ന ഒരു കാലയളവിലൂടെയാണ് മനുഷ്യന്‍ ഇന്ന് കടന്നുപോകുന്നത്. സമാനമായ ഒരു അവസ്ഥയുടെ ഭീതി നിറഞ്ഞ നിമിഷങ്ങളെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ തയ്യാറെടുക്കുകയാണ്, മലയാളത്തിലെ ആദ്യത്തെ സോംബി മൂവിയായി എത്തുന്ന 'രാ' യുടെ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ സ്‌നീക് പീക്ക് വീഡിയോ പുറത്തിറങ്ങി.
'നൈറ്റ്ഫാള്‍ പാരനോയ' എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങുന്ന 'രാ' പ്രേക്ഷകപ്രതീക്ഷകള്‍ക്കൊപ്പം നില്‍ക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. പാട്ടും ഡാന്‍സും കോമഡിയും ഒന്നുമില്ലാതെ, ഭയം നിറഞ്ഞ നിശാജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കും ഈ സിനിമ.
തമിഴില്‍ 'ബ്രഹ്മപുരി' എന്ന ഹൊറര്‍ ചിത്രവും, റിലീസിന് തയ്യാറെടുക്കുന്ന 'സണ്ടളര്‍കര്‍' എന്ന ത്രില്ലര്‍ ചിത്രവും ഒരുക്കിയ കൊച്ചിക്കാരനായ കിരണ്‍ മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രശസ്ത തമിഴ് ചലച്ചിത്രകാരന്‍ പാര്‍ത്ഥിപന്റെ ശിഷ്യനാണ് കിരണ്‍. രചന നിര്‍വ്വഹിച്ചിരിക്കുന്നത്, പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം 'എസ്ര'യുടെ സഹരചയിതാവായ മനു ഗോപാലാണ്. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബൂബേക്കറാണ് 'രാ' യുടെ നിര്‍മ്മാതാവ്.