അഖിൽ തേവർകളത്തിൽ
സ്കൂൾ പ്രിൻസിപ്പൽ നായകനാകുന്ന മലയാള സിനിമ ഒരുങ്ങുന്നു. നവാഗതനായ അനിൽ ബാബു കലാകേളി രചനയും സംവിധാനവും നിർവഹിക്കുന്ന ഇടത്തല പാപ്പാൻ എന്ന സിനിമയിലാണ് യുവ പ്രിൻസിപ്പൽ അഖിൽ തേവർകളത്തിൽ നായകനാകുന്നത്.കോട്ടയം പാലാ കിടങ്ങൂർ സ്വദേശിയായ അഖിൽ സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് സുപരിചിതനാണ്. ലക്നൗവിലുള്ള സിബിഎസ്ഇ സ്കൂളിലെ പ്രിൻസിപ്പലാണ് ഇദ്ദേഹം.ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ അധ്യാപകനായിരുന്ന അഖിൽ ഒമാനിലും മൂന്നുവർഷം ജോലി ചെയ്തിട്ടുണ്ട്. ഇരുപത്തിനാലാമത്തെ വയസ്സിലാണ് കോളേജിൽ അധ്യാപകനായി പ്രവേശിച്ചത്.ലക്നൗവിൽ ഇപ്പോൾ ജോലി ചെയ്യുന്ന അഖിൽ അവധിയ്ക്ക് നാട്ടിൽ വന്നപ്പോഴായിരുന്നു സിനിമയിൽ അഭിനയിക്കാനുള്ള ആദ്യ അവസരം കിട്ടിയത്. സിനിമയോടുള്ള അഭിനിവേശമാണ് അതിനു കാരണമായാത്. ചെമ്പൻ വിനോദിന്റെ അനുജൻ ഉല്ലാസ് ചെമ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലാണ് ആദ്യ അവസരം. ചെമ്പൻ വിനോദ് നായകനായ ഈ സിനിമയിൽ അഖിലിന് പോലീസ് വേഷമാണ്. രണ്ടാമത്തെ സിനിമയായ ഇടത്തല പാപ്പാനിൽ നായകനാകാൻ കഴിഞ്ഞതിൽ ഈ യുവാവ് ഏറെ സന്തോഷിക്കുന്നു.ഗ്രാമത്തിലുള്ള അപ്പു എന്ന കഥാപാത്രത്തെയാണ് അഖിൽ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.സ്ത്രീകൾ കുറ്റം ചെയ്താലും അത് പുരുഷന്മാരിൽ ചുമത്തുന്ന സാഹചര്യമുണ്ട്. ചെയ്യാത്ത കുറ്റത്തിന് അപ്പുവിനെ പോലീസ് പിടിച്ചുകൊണ്ടുപോകുന്നു. ആനയും പാപ്പാനും ഇതിൽ കഥാപാത്രങ്ങളാകുന്നു. മനോഹരമായ രണ്ടു ഗാനങ്ങൾ ചിത്രത്തിലുണ്ട്. ഗംഭീരമായ ഫൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ധാരാളം ക്രൗഡ് ആർട്ടിസ്റ്റുകൾ ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്. കൊച്ചിൻ കലാകേളിയുടെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.
മൂന്നു സിനിമകളിൽ കൂടി അഖിലിന് അവസരം കിട്ടിയിട്ടുണ്ട് . അതിലൊന്ന് തെലുങ്ക് സിനിമയാണ്. അഖിലിന്റെ കസിൻ ബ്രദറായ ജിത്തു ജോൺ നിർമിക്കുന്ന സിനിമയിലും നായകനാണ്.കരാട്ടെയും കളരിയും അഭ്യസിച്ചിട്ടുള്ള അഖിൽ മോഡലിംഗിലും തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ ഈ യുവാവ് ശ്രദ്ധേയമായ കവർ സോങുകളിൽ അഭിനയിച്ചിട്ടുണ്ട്. ദേവരാഗം എന്ന മലയാള സിനിമയിലെ "ശിശിരകാല..."എന്നു തുടങ്ങുന്ന പ്രശസ്ത ഗാനം കവർ സോങായി അഭിനയിച്ചത് രണ്ടര ലക്ഷത്തോളം പേരാണ് ആസ്വദിച്ചത്. .നായകനായ അരവിന്ദ് സ്വാമിയുടെ സിനിമയിലെ ഗെറ്റപ്പ് പോലെയാണ് അഖിലും അഭിനയിച്ചത്. അരവിന്ദ് സ്വാമിയോടുള്ള വലിയ ഇഷ്ടമാണ് ഈ ഗാനം തെരഞ്ഞെടുക്കാൻ കാരണമെന്ന് അഖിൽ പറയുന്നു.പത്തോളം കവർ സോങുകളിലും റീലുകളിലും അഖിൽ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയി അതെല്ലാം തരംഗമായിട്ടുണ്ട്.
പോലീസിൽ സബ് ഇൻസ്‌പെക്ടറാ യിരുന്ന ജോസഫിന്റെയും വീട്ടമ്മയായ മേഴ്‌സി ജോസഫിന്റെയും രണ്ടു മക്കളിൽ മൂത്തയാളാണ് അഖിൽ. അനുജത്തി ജിലു ജോസ് വിവാഹിതയാണ്. പൊതുപ്രവർത്തകനും ഗവൺമെന്റ് സ്കൂൾ പ്രിൻസിപ്പലും കലാകാരനുമായിരുന്ന കെ. ഇ. തോമസിന്റെ ചെറുമകനാണ് അഖിൽ. കിടങ്ങൂരിൽനിന്നും സിനിമയിലെത്തി പ്രശസ്തരായ മീനാക്ഷിയും മമിത ബൈജുവും ഉണ്ടെങ്കിലും ഇവിടെനിന്നും സിനിമയിൽ നായകനാകുന്ന ആദ്യ യുവാവ് എന്ന സ്ഥാനം അഖിൽ തേവർകളത്തിലിലാണ്.