മൃണാൾ സെന്നിന് ആദ്യമായി ദേശീയ അംഗീകാരം നേടിക്കൊടുത്ത ഭുവൻ ഷോം, കൽക്കട്ട 71, ഏക് ദിൻ പ്രതിദിൻ, ഏകാലേർ ഷന്തനെ, പദടിക് എന്നീ അഞ്ച് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. സെന്നിന്റെ കൽക്കട്ട സിനിമാത്രയത്തിൽ ഉൾപ്പെട്ട കൽക്കട്ട 71, പദടിക് എന്നീ ചിത്രങ്ങൾ എഴുപതുകളിലെ ബംഗാളിന്റെ നേർചിത്രമാണ് പ്രമേയമാക്കിയിരിക്കുന്നത്. പോലീസ് വാനിൽ നിന്നും രക്ഷപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവർത്തകന്റെ കഥയാണ് പദടിക് പങ്കുവയ്ക്കുന്നത്.
ദേശീയ ചലച്ചിത്ര അവാർഡും കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതിയും നേടിയ ഏക് ദിൻ പ്രതിദിൻ ഒരു പെൺകുട്ടിയുടെ തിരോധാനവും തുടർന്നുള്ള സംഭവങ്ങളും ചർച്ച ചെയ്യുന്നു. 1943 ലെ ബംഗാൾക്ഷാമമാണ് ഏകാലേർ ഷന്തനെയുടെ പ്രമേയം. മൃണാള്‍സെന്നിൻ്റെ ജീവിതവും സിനിമയും സമഗ്രമായി അവതരിപ്പിക്കുന്ന എക്സിബിഷനും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. മുഖ്യവേദിയായ ടാഗോർ തിയേറ്ററിലാണ് എക്സിബിഷൻ സംഘടിപ്പിക്കുക.