തിരുവനന്തപുരം:കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നല്‍കുന്ന ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദരൂഷ് മെഹ്‌റൂജിക്ക് ഇന്ന് സമ്മാനിക്കും. വൈകുന്നേരം ആറിന് കനകക്കുന്നിലെ നിശാഗന്ധിയിൽ നടക്കുന്ന ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവാര്ഡ് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ ഉസ്താദ് സാക്കിര് ഹുസൈൻ മുഖ്യാതിഥിയാകും.
1970കളുടെ തുടക്കത്തില്‍ ഇറാനിയന്‍ നവതരംഗസിനിമകള്‍ക്ക് തുടക്കം കുറിച്ചവരിലൊരാളാണ് ദരൂഷ് മെഹ്‌റൂജി. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ചിത്രസംയോജകന്‍ എന്നീ നിലകളില്‍ അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ച മെഹ്‌റൂജി തന്റെ അരനൂറ്റാണ്ടു നീളുന്ന ചലച്ചിത്ര ജീവിതത്തിനിടെ പലകുറി ഭരണകൂടത്തിന്റെ അപ്രീതി നേരിട്ടിട്ടുണ്ട്.
ജയിംസ് ബോണ്ട് ചിത്രങ്ങളുടെ പാരഡിയായി 1966 ല്‍ നിര്‍മ്മിച്ച ബിഗ് ബജറ്റ് ചിത്രം ഡയമണ്ട് 33 ആണ് മെഹ്‌റൂജിയുടെ ആദ്യ സംവിധാന സംരംഭം. ആദ്യചിത്രം വന്‍ സാമ്പത്തികവിജയം നേടിയെങ്കിലും രണ്ടാമത്തെ ചിത്രമായ ഗാവ് ആണ് മെഹ്‌റൂജിയുടെ സംവിധാന മികവിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തത്.