തിരുവനന്തപുരം:സ്വാശ്രയ പ്രശ്നത്തില്‍ യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാര്‍ നിരാഹാര സമരം തുടങ്ങും. കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്, ഷാഫി പറമ്പില്‍, കേരള കോണ്‍ഗ്രസ് (ജേക്കബ്)നെ പ്രതിനിധീകരിച്ച് അനൂപ് ജേക്കബ് എന്നിവരാണുനിരാഹാരം അനുഷ്ഠിക്കുക. മുസ്ലിം ലീഗ് എംഎല്‍എമാരായ കെ.എം.ഷാജിയും എ.ഷംസുദീനും അനുഭാവ സത്യഗ്രഹം നടത്തും.യുഡിഎഫ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തിന്റേതാണു തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ കടുത്ത വാക്കുകള്‍ പിന്‍വലിക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത് ചാനലുകാര് വാടകയ്ക്കെടുത്ത ആള്‍ക്കാരാണെന്ന പിണറായിയുടെ വാക്കുകളാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
ഇന്നു രാവിലെ സഭാ നടപടികള്‍ ആരംഭിച്ചതു മുതല്‍ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ചോദ്യോത്തര വേള പുരോഗമിക്കവേ പ്രതിപക്ഷ നേതാവിനു സംസാരിക്കാന്‍ സമയമനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളം വച്ചത്. ബാനറുകളും പ്ലാക്കാര്‍ഡുകളുമായി സ്പീക്കറുടെ ചേംബറിനടുത്തെത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കിയത്.