NEWS30/09/2020

മെഡിക്കല്‍ പ്രവേശനം: ഇഎസ്‌ഐ ക്വാട്ട നിഷേധിച്ച നടപടി റദ്ദാക്കണം: തൊഴില്‍മന്ത്രി

ayyo news service
തിരുവനന്തപുരം:ഇഎസ്‌ഐ കോര്‍പറേഷന്‍ മെഡിക്കല്‍ കോളേജുകളിലും ദന്തല്‍ കോളേജുകളിലും ഇഎസ്‌ഐ ഗുണഭോക്താക്കളായ തൊഴിലാളികളുടെ  മക്കള്‍ക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തില്‍ നിലവിലുളള സംവരണം നിഷേധിച്ച കോര്‍പറേഷന്‍ ഉത്തരവ്  റദ്ദാക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. 2020-21ലെ മെഡിക്കല്‍ പ്രവേശനം സംവരണം പാലിച്ചുതന്നെ നടത്തണം.

ഇഎസ്‌ഐ ഗുണഭോക്താക്കളുടെ മക്കളില്‍ മെഡിക്കല്‍ പ്രവേശനപരീക്ഷ പാസാകുന്നവര്‍ക്ക് വിവിധ സംസ്ഥാനങ്ങളിലെ ഇഎസ്‌ഐ മെഡിക്കല്‍-ദന്തല്‍ കോളേജുകളില്‍ പ്രവേശനത്തിന് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന  അവസരമാണ് പുതിയ തീരുമാനത്തിലൂടെ ഇല്ലാതാകുന്നത്. കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജില്‍ 35 ശതമാനം സീറ്റുകളാണ് സംസ്ഥാന സര്‍ക്കാര്‍ ഇഎസ്‌ഐ അംഗങ്ങളുടെ മക്കള്‍ക്കായി സംവരണം ചെയ്തിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.  തിങ്കളാഴ്ചയാണ് ഇഎസ്‌ഐ കോര്‍പറേഷന്‍ ഇതുസംബന്ധിച്ച അറിയിപ്പ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇഎസ്‌ഐ ക്വാട്ടയില്‍ നിന്ന് പ്രവേശനം നല്‍കുന്നതിനു പകരം  ഇഎസ്‌ഐ കോര്‍പറേഷന്‍ സ്ഥാപനങ്ങളിലെ എംബിബിഎസ്-ബിഡിഎസ് സീറ്റുകളിലേക്ക് 2020-21ലെ അലോട്ട്‌മെന്റ് അഖിലേന്ത്യാ ക്വാട്ടയനുസരിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.  

വിവിധ തൊഴില്‍മേഖലകളില്‍ പ്രത്യേകിച്ച് കശുവണ്ടി മേഖലയില്‍ നിന്നുള്ള തൊഴിലാളികളുടെ മക്കള്‍ക്കാണ് കൊല്ലം ഗവ. മെഡിക്കല്‍ കോളേജില്‍ പ്രഫഷണല്‍ വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിച്ചിരുന്നത്. കുറഞ്ഞ ഫീസില്‍ എംബിബിഎസ്-ബിഡിഎസ് പഠനത്തിന് തൊഴിലാളികളുടെ മക്കള്‍ക്ക് ലഭിച്ചുവന്നിരുന്ന ഈ  ആനുകൂല്യം നിഷേധിക്കുന്നത് തികച്ചും തൊഴിലാളിവിരുദ്ധവും ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണ്. കേന്ദ്രഗവണ്‍മെന്റ് തുടര്‍ച്ചയായി കൈക്കൊള്ളുന്ന തൊഴിലാളിവിരുദ്ധ നിലപാടാണ് ഈ തീരുമാനത്തിലും പ്രതിഫലിക്കുന്നത്. ആഗസ്ത് 20ന് ഇഎസ്‌ഐ കോര്‍പറേഷന്‍ ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നെങ്കിലും സംവരണം നിഷേധിക്കുന്ന കാര്യം യോഗത്തെ അറിയിച്ചിട്ടില്ലെന്നാണ്   മനസ്സിലാകുന്നത്.

ഇഎസ്‌ഐ ഗുണഭോക്താക്കളുടെ കുട്ടികള്‍ക്കുള്ള എംബിബിഎസ്-ബിഡിഎസ് സംവരണം പഴയപടി തന്നെ നിലനിര്‍ത്തണമെന്ന് മന്ത്രി കേന്ദ്രസര്‍ക്കാരിനോടും ഇഎസ്‌ഐ കോര്‍പറേഷനോടും ശക്തമായി ആവശ്യപ്പെട്ടു. ഇതിനായി ഇഎസ്‌ഐ ആക്ടിലും സാമൂഹ്യ സുരക്ഷാ കോഡിലും ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണം. തൊഴിലാളികളുടെ മിടുക്കരായ കുട്ടികള്‍ക്ക് മെഡിക്കല്‍ പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടാതിരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന് അയച്ച കത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.
Views: 1439
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024