തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് സമാധാനപരവും നീതിപൂര്‍വ്വകവുമായി നടത്തുന്നതിനും ക്രമസമാധാനപാലനത്തിനുമായി സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ അറിയിച്ചു.
രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനുമായി വനിതാ ഉദ്യോഗസ്ഥരുള്‍പ്പെടെ ആദ്യഘട്ടത്തില്‍ 38000 പേരെയും രണ്ടാംഘട്ടത്തില്‍ 42000 പേരെയും വിന്യസിക്കും. ഇതില്‍ ആദ്യഘട്ടത്തില്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന 30000 പേരും രണ്ടാംഘട്ടത്തില്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന 32000 പേരും സംസ്ഥാന പോലീസ് സേനാംഗങ്ങളാണ്. ശേഷിക്കുന്നവര്‍ എക്‌സൈസ്, വനം, മറൈന്‍, മോട്ടോര്‍ വെഹിക്കിള്‍ തുടങ്ങിയ ഇതര യൂണിഫോം സേനകള്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍, ഹോംഗാര്‍ഡുകള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഇവയ്‌ക്കെല്ലാം പുറമെ കര്‍ണാടക സംസ്ഥാനത്തുനിന്നും 10 കമ്പനി പോലീസ് സേനാംഗങ്ങളെയും വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കും.
നവംബര്‍ രണ്ടിന് ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 38000 പേരെ വിന്യസിച്ചു കഴിഞ്ഞു. നവംബര്‍ അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 42000 പേരെ വിന്യസിക്കും. കേരളത്തില്‍ നടന്നിട്ടുള്ള മുന്‍ തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പുകളില്‍ വിന്യസിച്ചിട്ടുള്ളതിലുമധികം പേരെ ഇത്തവണ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
തെരഞ്ഞെടുപ്പ് സമാധാനപരമായും സുഗമമായും നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ അവശ്യം വേണ്ട ജാഗ്രതപുലര്‍ത്തണമെന്ന് എല്ലാ ജില്ലാപോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതിനോ അക്രമങ്ങള്‍ നടത്തുന്നതിനോ മറ്റുതരത്തിലുളള അനിഷ്ടസംഭവങ്ങളുണ്ടാക്കുന്നതിനോ ഉളള ഏതൊരു ശ്രമത്തേയും കര്‍ശനമായി നേരിടണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി പൂര്‍ത്തിയാക്കുന്നതിന് ബൂത്തുതല സുരക്ഷയ്ക്കു പുറമേ അഞ്ച് കമ്പനി ഡിജിപി സ്‌ട്രൈക്കിങ് ഫോഴ്‌സ്, രണ്ട് കമ്പനി സോണല്‍ ലവല്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ്, നാല് കമ്പനി റേഞ്ച് ലവല്‍ സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്നിവയെയും നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് രണ്ടു ഘട്ടങ്ങളിലായി ഇരുനൂറ്റി എഴുപത്തിയഞ്ചില്‍പ്പരം ഇല്ക്ഷന്‍ സര്‍ക്കിള്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നൂറോളം സബ് ഡിവിഷന്‍ സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും 19 ജില്ലാ പോലീസ് ചീഫ് സ്‌ട്രൈക്കിങ് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്.
സമാധാനലംഘനത്തിനോ അക്രമത്തിനോ ഉളള ഏതൊരു ശ്രമത്തിനെതിരെയും തല്‍ക്ഷണ നടപടി കൈക്കൊളളുന്നതിനായി വോട്ടെടുപ്പുദിവസങ്ങളില്‍ രണ്ടു ഘട്ടങ്ങളിലുമായി രണ്ടായിരത്തോളം ഗ്രൂപ്പ് പട്രോള്‍ സംഘങ്ങളും തൊള്ളായിരത്തില്‍പ്പരം ക്രമസമാധാനപാലന പട്രോള്‍ സംഘങ്ങളും രംഗത്തുണ്ടാകും. കുറ്റവാളികളെയും ആക്രമികളെയും കണ്ടെത്തുന്നതിനും അനിഷ്ട സംഭവങ്ങള്‍ കൈയ്യോടെ പകര്‍ത്തുന്നതിനുമായി ഗ്രൂപ്പ് പട്രോള്‍ സംഘങ്ങള്‍ക്ക് വീഡിയോ ക്യാമറകളും നല്‍കും.
രണ്ടുഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പില്‍ ആകെയുള്ള 34424 പോളിങ് ബൂത്തുകളില്‍ 4843 ബൂത്തുകള്‍ പ്രശ്‌നസാധ്യതകളുള്ളവയാണ്. ഇവിടങ്ങളില്‍ അധികസുരക്ഷ ഏര്‍പ്പെടുത്തും മാവോയിസ്റ്റുകളെ നേരിടുന്നതിനുള്ള സംവിധാനം ഇലക്ഷന്‍ ഡ്യൂട്ടികള്‍ക്കായി മാറ്റുന്നില്ലെന്നും അവ നിലവിലുള്ള രീതിയില്‍ത്തന്നെ തുടരുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന പോലീസ് ആസ്ഥാനത്ത് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍ നമ്പര്‍. 0471 2726869. ഇതോടൊപ്പം എല്ലാ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ വയര്‍ലെസ്, മൊബൈല്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളോടുകൂടിയ വാര്‍ത്താവിനിമയ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ കണ്‍ട്രോള്‍ റൂമുകളിലും ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ടെടുപ്പുകഴിഞ്ഞുളള സുരക്ഷയ്ക്കുളള നടപടികളും കൈക്കൊണ്ടുകഴിഞ്ഞു. എല്ലാ കൗണ്ടിങ് സെന്ററുകള്‍ക്കും ത്രീടയര്‍ സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘര്‍ഷങ്ങളും അതേത്തുടര്‍ന്നുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങളും നേരിടുന്നതിന് വോട്ടെടുപ്പിന് ശേഷമുള്ള സുരക്ഷാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.