തിരുവനന്തപുരം: ഒരു കുടുംബത്തിലെ ജനനം മുതല്‍ മരണം വരെയുള്ള
കാര്യങ്ങളില്‍ സാധാരണക്കാരനൊപ്പം സഹായിയായി നില്‍ക്കുന്നത് ഇന്നാട്ടിലെ
സഹകരണ സ്ഥാപനങ്ങളാണ്. ഒരോ കുടുംബവുമായും അത്രമാത്രം ഇഴചേര്‍ന്ന്
പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് അവ. അങ്ങനെയുള്ള കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്
പിന്നില്‍. ഇതിനെതിരെ കേരള ജനത ഒറ്റക്കെട്ടായി സമരത്തില്‍ അണിനിരക്കണമെന്ന്
മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആരോപിച്ച്
റിസര്‍വ് ബാങ്കിന് മുന്നില്‍ മന്ത്രിമാരും പ്രതിപക്ഷവും
നടത്തുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ യാതൊരു പങ്കാളിത്തവും വഹിക്കാത്തവരാണ് അവിടം കള്ളപണത്തിന്റെ കേന്ദ്രമാണെന്ന് പറയുന്നത് . ഈ നാട്ടിലെ സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമാണ് സഹകരണ സ്ഥാപനങ്ങള്‍. നബാര്‍ഡ് നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വായ്പ നല്‍കുന്ന സഹകരണ സ്ഥാപനങ്ങള്‍ അവയുടെ സ്വന്തം ഫണ്ടാണ് വായ്പയായി നല്‍കുന്നത്. ആ പണം ഇവിടത്തെ സാധാരണക്കാരുടെ നിക്ഷേപമാണ്. ഇതിനെതിരെ കേരളം ഒറ്റകെട്ടായി പൊരുതണം. ഈ സമരത്തിന് പ്രതിപക്ഷനേതാക്കളുംഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ പ്രതിസന്ധി മറികടക്കുന്നതിനെ കുറിച്ചാലോചിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്നും 21ന് സര്‍വകക്ഷിയോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.