തിരുവനന്തപുരം: അവശതയനുഭവിക്കുന്നവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനങ്ങളെ സഹായിക്കുന്നതിനുളള മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് രൂപീകരണ ഘട്ടത്തിലാണെന്നും അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഫണ്ടില്‍നിന്ന് ധനസഹായം ലഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിക്കും. പദ്ധതി നടപ്പാക്കുന്നതിനുളള വിശദമായ മാര്‍ഗരേഖ തയ്യാറാക്കുന്നതിന് ഒരു സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയില്ല. അപേക്ഷകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനിക്കും. ജൂണ്‍ ഒന്നിനു മുമ്പ് വ്യക്തമായ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിക്കും. അതോടൊപ്പം, അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത സംവിധാനം ഉണ്ടാക്കും. അതിന് ശേഷം അപേക്ഷ ക്ഷണിക്കുന്നതാണ്. ഇപ്പോള്‍ അപേക്ഷിക്കുകയോ അതിനുവേണ്ടി തിരക്കുകൂട്ടുകയോ വേണ്ട. എന്നാല്‍, ഇതിനകം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ലഭിച്ച അപേക്ഷകള്‍ പിന്നീട് പരിഗണിക്കുന്നതാണ്.