തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ സ്വകാര്യ ലോബികള്‍ സമ്മര്‍ദ്ദംചെലുത്തി അവരുടെ റിഗ്ഗുകള്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയും സര്‍ക്കാര്‍ അംഗീകാരത്തോടെ സംസ്ഥാനത്ത് വ്യാപകമായി കുഴല്‍ക്കിണര്‍ നിര്‍മ്മാണം നടത്തുകയും ചെയ്യുന്നതിനെതിരെ കേരള ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഭൂജല വകുപ്പ് ഡയറക്ടറേറ്റിനു മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി. ധര്‍ണ്ണ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
ഭൂജലവകുപ്പിന്റെ കാലപ്പഴക്കംകൊണ്ട് കാര്യക്ഷമത കുറഞ്ഞ മെഷ്യനറികള്‍ ആധുനികവല്‍ക്കരിക്കാനും സാങ്കേതിക മിനിസ്റ്റീരിയല്‍ വിഭാഗം ജീവക്കാരുടെ പുതിയ തസ്തികള്‍ അനുവദിച്ച് വകുപ്പിനെ ശാക്തീകരിക്കണെന്നും വിജയകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ ഏജന്‍സികളുടെ അശാസ്ത്രീയ കുഴല്‍ക്കിണര്‍ നിര്‍മ്മാണം പൊതു ജനങ്ങളുടെ ശുദ്ധജല ലഭ്യതയ്ക്കുള്ള അവകാശത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിമാരായ ഷാനവാസ്ഖാന്‍, സന്തോഷ് പുലിപ്പാറ, കെ.ജി.ഡബ്ലൂ.ഡി.എസ്.എ. ജനറല്‍ സെക്രട്ടറി പി.എസ്. ദിലീപ്, വൈസ് പ്രസിഡന്റുമാരായ സി.ഡി. ജോണ്‍സണ്‍, വി.കെ. വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു.