തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ഓണാഘോഷ ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിയായി പങ്കെടുത്തു. മമ്മൂട്ടിയുടെ സാന്നിധ്യം നിശാഗന്ധിയെ ജനപ്രളയമാക്കി. നടനോടുള്ള ഇഷ്ടം മറ്റാർക്കും നൽകാത്ത വൻ കരഘോഷത്തോടെയാണവർ വ്യക്തമാക്കിയത്. മമ്മൂട്ടി ഇന്ന് പങ്കെടുത്ത് മടങ്ങിയെങ്കിലും മലയാളത്തിന്റെ മറ്റൊരു പ്രിയ നടൻ മോഹൻലാലിന്റെ സാന്നിധ്യം ഇന്നലെ മുതൽ കനകക്കുന്നിലുണ്ട്. അത് ഒരാഴ്ചക്കാലം അവിടെയുണ്ടാകും, മുണ്ടും ഷർട്ടുമണിഞ്ഞ് സൈക്കിൾ ചവിട്ടുന്ന മോഹൻലാലിന്റെ ഫോട്ടോ ആണെന്ന് മാത്രം. ഇന്നലെ ഓണപ്പതാക ഉയർന്നതിനുശേഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പത്ര ഫോട്ടോഗ്രാഫർമാരുടെ ഫോട്ടോ പ്രദർശനം 'ദി സീയിങ് ഐ' ലാണ് അതുൾപ്പെടുത്തിയിരിക്കുന്നത്. അൻപത്തൊന്പത് നഗര ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ 59 ഫോട്ടോകളിൽ ഒരു ഫോട്ടോ മാത്രമേ താരത്തിന്റേതായി ഉള്ളു. നമ്മെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന മറ്റു രാഷ്ട്രീയ സാമൂഹിക ചിത്രങ്ങൾക്കിടയിൽ പെട്ടെന്ന് കാണുന്ന ലാലേട്ടൻ ചിത്രം കൗതുകം തന്നെയാണ്. അഞ്ചുദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം ആറിന് അവസാനിക്കും. ഇന്ന് മമ്മൂട്ടിയുടെ സാന്നിധ്യത്തിൽ തിരിതെളിഞ്ഞ ഓണാഘോഷം ഒൻപതിന് ഘോഷയാത്രയോടെ അവസാനിക്കും. ഈ ദിവസങ്ങളിൽ ജില്ലയിലെ 30 വേദികളിലായി വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും.