കൊച്ചി: കൊച്ചി സ്മാര്‍ട്ട്‌സിറ്റിയുടെ ആദ്യഘട്ടം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കും വിധം പുരോഗമിക്കുന്നതായി എറണാകുളം കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി. ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. സുരേഷ്‌കുമാറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തി. ജില്ല കളക്ടര്‍ എം. ജി. രാജമാണിക്യം യോഗത്തില്‍ അധ്യക്ഷനായിരുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതി നടത്തിപ്പിനായുള്ള ഉദ്യോഗസ്ഥരും മറ്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
സ്മാര്‍ട്ട്‌സിറ്റിയോട് അനുബന്ധിച്ചുള്ള വിവിധ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുകയാണ്. അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിനു നടപടിയായി. വൈദ്യുതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കും. 650 കോടി രൂപയാണ് ആദ്യഘട്ടത്തിനു ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 400 കോടി രൂപ ചെലവായിക്കഴിഞ്ഞു. പദ്ധതിവിഹിതത്തില്‍ 16 % സംസ്ഥാന സര്‍ക്കാരിന്റേതാണ്. 2018ല്‍ 50 ലക്ഷം ചതുരശ്രയടി കെട്ടിടം പൂര്‍ത്തിയാക്കുമെന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി സുരേഷ്‌കുമാര്‍ പറഞ്ഞു.
ദുബായ് സര്‍ക്കാരിന്റെ പ്രത്യേക താത്പര്യപ്രകാരം പദ്ധതിയുടെ നിര്‍വഹണത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചുവരുകയാണ്. സ്മാര്‍ട്ട്‌സിറ്റി ഭൂമിയിലെ ചില സ്വകാര്യ കൈയേറ്റങ്ങള്‍ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. അതുപോലെ 19 സെന്റ് പട്ടയ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ഫോര്‍ട്ട്‌കൊച്ചി സബ്കളക്ടര്‍ എസ്. സുഹാസ് പറഞ്ഞു. ശേഷിക്കുന്ന പൊതുസ്വകാര്യ ഭൂമികളുടെ ഏറ്റെടുക്കല്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. തൃക്കാക്കര മുനിസിപ്പിലാറ്റിയുടെ കീഴിലുള്ള അംഗനവാടിയുടെ കാര്യത്തില്‍ ഭൂമി വീണ്ടും സര്‍വെ നടത്തും. സ്മാര്‍ട്ട്‌സിറ്റി ഭൂമിയില്‍ നടത്തിയിട്ടുള്ള എല്ലാ അനധികൃത കയ്യേറ്റങ്ങളും ഒഴിപ്പിക്കും. 220 കെവി ലൈന്‍ വലിക്കുന്നതിനായി ഏറ്റെടുത്ത ഭൂമിക്കു പകരം ഭൂമി നല്‍കാന്‍ കെ എസ് ഇ ബി തയാറായിട്ടുണ്ട്.
ഇതുകൂടാതെ കിന്‍ഫ്രയുടെ ഏറ്റെടുക്കുന്ന നാലേക്കര്‍ ഭൂമിക്കു പകരം ഭൂമി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. സ്മാര്‍ട്ട്‌സിറ്റിയിലേക്കും ചുറ്റിനുമായി ബഹുമുഖ അപ്രോച്ച് റോഡിന്റെ കാര്യവും സര്‍ക്കാരിന്റെ അന്തിമതീരുമാനത്തിലുള്ളതാണ്. ചക്കരപ്പറമ്പ് എക്‌സ്പ്രസ് വേ, കിഴക്കമ്പലം എക്‌സ്പ്രസ്‌വേ, വൈറ്റില എരൂര്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ്, ഐഎംജി ജംഗ്ഷനില്‍ നിന്ന് ബ്രഹ്മപുരം റോഡിലേക്കുള്ള ഇന്‍ഫോപാര്‍ക്ക് പിഡബ്ല്യുഡി റോഡ് എന്നിവ ഇതില്‍പ്പെടുന്നു. നിര്‍ദിഷ്ട മെട്രോ റെയില്‍ പദ്ധതി സ്മാര്‍ട്ട്‌സിറ്റിയിലേക്കു നീട്ടുന്നതിനു മുന്നോടിയായുള്ള തീരുമാനങ്ങളും നടപടികളും പുരോഗമിക്കുകയാണ്. പദ്ധതിക്കാവശ്യമായ 4050 മെഗാവാട്ട് വൈദ്യുതി സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇതിനായി ഇന്‍ഫോപാര്‍ക്കില്‍ നിലവിലുള്ള സബ്‌സ്‌റ്റേഷനില്‍ നിന്ന് 220 കെവിയുടെ ഒരു ഫീഡര്‍ കൂടി അനുവദിക്കും.
സ്മാര്‍ട്ട് സിറ്റിയോടനുബന്ധിച്ചു ടൗണ്‍ഷിപ്പും വിഭാവനം ചെയ്തിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് അഥോറിറ്റി നിയമത്തിന്‍ കീഴിലായിരിക്കും ഇതു നടപ്പിലാക്കുക. കടമ്പ്രയാര്‍ നദിക്കു സ്്ഥിരമായ പുറംബണ്ട് നിര്‍മിക്കാന്‍ ജലവിഭവ വകുപ്പ് തയാറായിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കും. അതല്ലെങ്കില്‍ വെള്ളപ്പൊക്ക സമയത്ത് സ്മാര്‍ട്ട്‌സിറ്റി ഭൂമിയും വെള്ളത്തിനടിയിലാകുമെന്നു വിലയിരുത്തി. ബ്രഹ്മപുരം മാലിന്യ നിര്‍മാര്‍ജന പ്ലാന്റിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അന്തിമ തീരുമാനമെടുക്കും. ഭാവിയില്‍ ഇവിടെ നിന്നുള്ള മാലിന്യം സ്മാര്‍ട്ട്‌സിറ്റിയ്ക്ക് ദോഷമുണ്ടാക്കുന്ന സ്ഥിതി വിശേഷം ഒഴിവാക്കുകയാണു ലക്ഷ്യം.