തിരുവനന്തപുരം:ചരക്കുസേവന നികുതി (ജി.എസ്.ടി)നിലവില്‍ വരുന്നതോടെ നികുതി നിരക്കില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു. ചരക്കുസേവന നികുതി സംബന്ധിച്ച് വാണിജ്യനികുതി, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ്, സി ആന്റ് എ.ജി വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
30-35 ശതമാനമായിരുന്ന നികുതിഭാരം 20 ശതമാനത്തോളമായി കുറയുകയാണ്. ഉത്പ്പന്നങ്ങളുടെ പരമാവധി വില്‍പന വിലയില്‍ ആനുപാതികമായ കുറവുണ്ടാകുന്നു എന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കിയാലേ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകൂ. അവശ്യസാധനങ്ങളുടെ നികുതി ഇനിയും കുറയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ നികുതി സംബന്ധിച്ച് വ്യാപാരികളെയും ഉപഭോക്താക്കളെയും വിശ്വാസത്തിലെടുത്ത് ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുംവിധം ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വ്യക്തത നേടിയിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പരിശീലന പരിപാടി 26ന് സമാപിക്കും. നാഷണല്‍ അക്കാദമി ഫോര്‍ കസ്റ്റംസ് എക്‌സൈസ് ആന്റ് നര്‍ക്കോട്ടിക്‌സിനാണ് പരിശീലന ചുമതല.