തിരുവനന്തപുരം: കേരളത്തില്‍ മുമ്പൊരിക്കലും ഇല്ലാത്ത തരത്തില്‍ ഉണ്ടായ പ്രളയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വേണം പുനര്‍ നിര്‍മ്മിതി നടത്തേണ്ടതെന്നും ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ വരാതിരിക്കാന്‍ മുന്‍ കരുതലെടുക്കണമെന്നും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷനും പി.യു.വിജയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ''പ്രളയാനന്തര കേരളത്തിന്റെ പുനര്‍ സൃഷ്ടിയില്‍ സിവില്‍ സര്‍വ്വീസിന്റെ പങ്ക്'' എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവില്‍ സര്‍വ്വീസിലെ ജീവനക്കാര്‍ പ്രശംസനീയമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ സര്‍ക്കാരിനോടൊപ്പം നില്‍ക്കാന്‍ ജീവനക്കാര്‍ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായുള്ള ഇടപെടലുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തി സമൂഹത്തിന് വേണ്ടി സിവില്‍ സര്‍വ്വീസ് വര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. നവകേരള സൃഷ്ടിയില്‍ നവീകരിക്കപ്പെട്ട സിവില്‍ സര്‍വ്വീസാണ് നാടിന് ആവശ്യമെന്നും അവരുടെ മേല്‍നോട്ടത്തില്‍ കൂടിയാവണം കേരളത്തിന്റെ പുനര്‍ നിര്‍മ്മാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.യു. വിജയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പി. ചന്ദ്രസേനന്‍ അധ്യക്ഷത വഹിച്ചു.