ന്യൂഡല്‍ഹി:സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം തടവ് ശിക്ഷ. സുപ്രീംകോടതി പുറത്തിറക്കിയ വിധിന്യായത്തിലാണ് ബലാത്സംഗത്തിനുള്ള ഹൈക്കോടതി ശിക്ഷ ശരിവെച്ചുകൊണ്ട് ഉത്തരവുള്ളത്. എന്നാല്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി.
സൗമ്യയെ അക്രമിച്ച് കൊലപെടുത്തിയത് ഗോവിന്ദച്ചാമിയാണെന്ന് പൂര്‍ണ്ണമായും തെളിയിക്കാനാകാഞ്ഞതിനാലാണ് വധശിക്ഷ ഒഴിവാക്കി ബലാത്സംഗത്തിനുള്ള ശിക്ഷ നിലനിര്‍ത്തിയത്. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ഏഴ് വര്‍ഷം തടവ് മാത്രമേ ഉള്ളൂ എന്ന തരത്തിലുള്ള വാര്‍ത്തകള്‍ രാവിലെ മുതല്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ വൈകിട്ട് സുപ്രീം കോടതി വിധിന്യായത്തിന്റെ പകര്‍പ്പ് ലഭിച്ചതോടെയാണ് ജീവപര്യന്തം തടവ് ശിക്ഷ നിലനില്‍ക്കുമെന്ന് വ്യക്തമായത്.
വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. വള്ളത്തോള്‍ നഗറില്‍ സൌമ്യ യെ ട്രെയിനില്‍നിന്നു തള്ളിയിട്ടശേഷം ബലാത്സംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൌമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു.