തിരുവനന്തപുരം:രോഗികളുടെ ജീവന്‍ വച്ച് പന്താടുന്ന ഇ.എസ്.ഐ കോര്‍പ്പറേഷന്റെ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന് തൊഴിലും എക്‌സൈസും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഇ.എസ്.ഐ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്ന ചികിത്സ കോര്‍പ്പറേഷന്‍ പിന്‍വലിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതോടെ ഇ.എസ്.ഐ പദ്ധതി പ്രകാരം വിവിധ ഘട്ടങ്ങളിലായി ചികിത്സയില്‍ തുടരുന്ന നൂറ് കണക്കിന് രോഗികളുടെ തുടര്‍ ചികിത്സ അനിശ്ചിതത്വത്തിലാണ്.
സാധാരണക്കാരായ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമാണ് ആര്‍.സി.സിയില്‍ ചികിത്സ തേടുന്നത്. റേഡിയേഷന്‍, കീമോതെറാപ്പി, ബ്രാക്കോ തെറാപ്പി തുടങ്ങിയ ചെലവേറിയ ചികിത്സയും മറ്റ് പരിശോധനകള്‍ക്കമുള്ള വന്‍ ചെലവ് താങ്ങാനാവാത്ത സ്ഥിതിയിലാണ് ഇ.എസ്.ഐ ഗുണഭോക്താക്കളായ രോഗികള്‍. ഇത്തരം ദുരനുഭവങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാരും ഇ.എസ്.ഐ കോര്‍പറേഷനും പിന്മാറണമെന്നും തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.