കോട്ടയം: പ്രശസ്ത കഥാപ്രസംഗ കലാകാരനും നടനുമായ വി.ഡി.രാജപ്പന്‍ (70) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയും വിശ്രമ ജീവിതവും നയിച്ചുവരികയായിരുന്നു. മാര്‍ച്ച് എട്ട് മുതല്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഉച്ചയ്ക്ക് 12.15 ഓടെയാണ് വിടപറഞ്ഞത്.
1990-കളിൽ ആക്ഷേപഹാസ്യത്തിലൂടെ രാജപ്പന്‍ അവതരിപ്പിച്ച കഥാപ്രസംഗങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും
കുരങ്ങേട്ടന്റെ തുടങ്ങിയ കഥാപ്രസംഗങ്ങള്‍ കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി
ആയിരക്കണക്കിന് വേദികളില്‍ അവതരിപ്പിച്ച് ശ്രദ്ധനേടി.
മൃഗങ്ങള്‍, വാഹനങ്ങള്‍ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവിതചരിത്രം ഹാസ്യാത്മകമായി പറയുന്ന രീതിയാണു രാജപ്പന്‍ പിന്തുടര്‍ന്നത്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക കഥകളിലെയും കഥാപാത്രങ്ങള്‍. ഇവരുടെ പ്രണയവും പ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിച്ചാണ് അദ്ദേഹം വ്യത്യസ്തനായത്.
മലയാള സിനിമാ ഗാനങ്ങളുടെ പാരഡികള്‍ അടങ്ങിയ കഥാപ്രസംഗങ്ങള്‍ ഇദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി. നൂറോളം സിനിമകളിലും ഹാസ്യ സീരിയലുകളിലും വേഷമിട്ടു. കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാന്‍ ഓഫ് ദ
മാച്ച്, കുസൃതിക്കാറ്റ്, പുതുക്കോട്ടയിലെ പുതുമണവാളന്‍ തുടങ്ങിയ
ചിത്രങ്ങളിലെ അഭിനയം ശ്രദ്ധനേടി. ഇതിനു പുറമേ നിരവധി ഓഡിയോ കാസറ്റുകളും രാജപ്പന്‍ പുറത്തിറക്കി.
ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.