തിരുവനന്തപുരം: മണ്ഡലകാലത്തിന് മുന്‍പ് പമ്പയില്‍ താത്കാലിക പാലം നിര്‍മിക്കാമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പ്രളയത്തില്‍ പാലം ഒലിച്ചുപോയ പമ്പയില്‍ നിന്നും തീര്‍ഥാടനം സുഗമാമാക്കുന്നതിനായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിയാലോചനക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകകയായിരുന്നു മന്ത്രി. രണ്ട് പാലങ്ങളാണ് സൈന്യം നിര്‍മിക്കുക. ഒന്ന് തീര്‍ഥാടകര്‍ക്ക് നടന്നു പോകുന്നതിനും മറ്റൊന്ന് ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ കടന്നു പോകുന്നതിനുമാണ് . പമ്പയുടെ ഹില്‍ടോപ്പില്‍ തുടങ്ങി ഗണപതിക്ഷേത്രം വരെ ബന്ധിപ്പിച്ചായിരിക്കും പാലം നിര്‍മിക്കുക. നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞ് പാലത്തിന്റെ സാമഗ്രികള്‍ എത്തിക്കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കകം പാലം പൂര്‍ത്തിയാകുമെന്നാണ് സൈന്യം അറിയിച്ചിട്ടുള്ളത്. പാലത്തിന് അനുയോജ്യമായ സ്ഥലം നിര്‍ണയിക്കുന്നതിന് മിലിറ്ററി, ദേവസ്വംബോര്‍ഡ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തും. നിര്‍മാണം വേഗത്തിലാക്കാന്‍ പാലത്തിന്റെ നിര്‍മാണ ചുമതല പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.