തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികൾ സർക്കാർ നേരിട്ടു നടപ്പാക്കും. നിർമാണച്ചുമതല ഡൽഹി മെട്രോ റയിൽ കോർപറേഷനെ ഏൽപ്പിക്കും. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും ഡിഎംആർസി മുഖ്യ ഉപദേഷ്‌ടാവ് ഇ. ശ്രീധരന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം. അടുത്ത മന്ത്രിസഭായോഗം പദ്ധതി രൂപരേഖയ്‌ക്ക് അംഗീകാരം നൽകും. ധനസ്‌ഥിതി മോശമായതിനാൽ പൊതു–സ്വകാര്യ പദ്ധതിയായി നടപ്പാക്കണമെന്നു ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിയാണു ശ്രീധരന്റെ നിർദേശങ്ങൾ അംഗീകരിച്ചത്
ജപ്പാൻ ഇന്റർനാഷനൽ കോ ഓപ്പറേഷൻ ഏജൻസിയിൽ (ജൈക്ക) നിന്നു ചെലവിന്റെ 80% തുക അര ശതമാനം പലിശയ്‌ക്കു വായ്‌പയായി ലഭ്യമാക്കാമെന്ന ശ്രീധരന്റെ ഉറപ്പിലാണു പദ്ധതി സർക്കാർ ഏറ്റെടുക്കുന്നത്. ലൈറ്റ് മെട്രോക്കു പകരം കൊച്ചി മാതൃകയിൽ മീഡിയം മെട്രോ നടപ്പാക്കാമെന്ന നിർദേശവും ശ്രീധരന്റെ അഭിപ്രായപ്രകാരം വേണ്ടെന്നുവച്ചു.
പദ്ധതിച്ചെലവിന്റെ 20% സംസ്‌ഥാനവും 20% കേന്ദ്രവും ചെലവഴിക്കുന്ന മാതൃകയാണു ശ്രീധരൻ അവതരിപ്പിച്ചിട്ടുള്ളത്. ഇതുപ്രകാരം കേരളം രണ്ടു പദ്ധതികൾക്കുമായി 1619 കോടി രൂപ ചെലവാക്കിയാൽ മതിയെന്നു മുഖ്യമന്ത്രി അറിയിച്ചു. ഭൂമിവിലയും നികുതികളും കഴിച്ച‘ക്ഷ്രുള്ള പദ്ധതിച്ചെലവിന്റെ 80% വരെ ജൈക്കയിൽ നിന്നു വായ്‌പ ആയി ലഭിക്കും. ഇതിന്റെ നിബന്ധനകൾ ഇപ്പോൾ ലഘൂകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ വായ്‌പ ലഭ്യമാക്കുന്ന കാര്യം ശ്രീധരൻ ഏറ്റെടുത്തിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. യോഗ തീരുമാനങ്ങളുടെ അടിസ്‌ഥാനത്തിൽ വിശദപദ്ധതി രൂപരേഖ ഡിഎംആർസി സമർപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.