ഖമറുന്നിസ അന്‍വര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയത്തോടെ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം ഭയാനകരമാണെന്ന് മുസ്‌ലിം ഗേള്‍സ് ആന്റ് വുമണ്‍സ് മൂവ്‌മെന്റ് (എം.ജി.എം) തിരുവനന്തപുരം ജില്ലാ സമ്മേളനം. ജമ്മുകാശ്മീര്‍ നാടോടി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം രാജ്യത്തിന് തന്നെ അപമാനകരമാണ്. ഉത്തര്‍പ്രദേശിലെ ഉന്നാവ് സംഭവത്തിലേയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ഇരകള്‍ക്ക് നീതി ലഭ്യമാക്കി ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണം. അതേസമയം കത്‌വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുതലെടുപ്പ് നടത്താനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം അംഗീകരിക്കാനാവില്ല. കഴിഞ്ഞ ദിവസം ജനകീയ ഹല്‍ത്താലെന്ന പേരില്‍ ചിലര്‍ അഴിച്ചുവിട്ട അതിക്രമങ്ങള്‍ ന്യായീകരിക്കാനാവാത്തതാണെന്നും ഖമറുന്നിസ അന്‍വര്‍ ഉദ്ഘാടനം ചെയ്ത സമ്മേളനം അഭിപ്രായപ്പെട്ടു.. എം.ജി.എം. സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. അല്‍ അമീന്‍ ബീമാപള്ളി, ലൈലാ മുഹമ്മദ് കുഞ്ഞ് തിരുമല, ഷമിനാ ബീമാപള്ളി, നുസൈഫ ആറ്റിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.