ന്യുഡല്‍ഹി: രാജ്യത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ലാന്‍സ് നായിക് ഹനുമന്തപ്പ കോപ്പാട് മരണത്തിനു കീഴടങ്ങി. സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞ് വീണ് ആറ് ദിവസം മൈനസ് 40 ഡിഗ്രി സെല്‍ഷ്യസില്‍ കിടന്ന ഹനുമന്തപ്പയെ സൈന്യം നടത്തിയ തിരച്ചിലിനിടെ അത്ഭുതകരമായി ജീവനോടെ കണ്‌ടെത്തുകയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍ആര്‍ ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു ഹനുമന്തപ്പ കോപ്പാട് രാവിലെ 11.45 ഓടെയാണ് ജീവന്‍ വെടിഞ്ഞത്.
അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതേതുടര്‍ന്ന് കോമ അവസ്ഥയിലായ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതിനു പുറമേ ന്യൂമോണിയ ബാധയും കൂടി പിടിപെട്ടതോടെയാണ് മരണം ധീരപോരാളിയെ കവര്‍ന്നെടുത്തത്.
ഹനുമന്തപ്പയുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കരസേന മേധാവി ധല്‍വീര്‍ സിംഗ് സുഹാഗും ആശുപത്രിയില്‍ എത്തി രാജ്യത്തിന്റെ അഭിമാനമായ സൈനികനെ സന്ദര്‍ശിച്ചിരുന്നു.
ഫെബ്രുവരി മൂന്നിന് ഹനുമന്തപ്പ ഉള്‍പ്പടെ 10 സൈനികരാണ് സിയാച്ചിനില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ മഞ്ഞുമലയിടിഞ്ഞ് ദുരന്തത്തില്‍പെട്ടത്. ഹനുമന്തപ്പയെ മാത്രമാണ് ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിനിലെ നിയന്ത്രണ രേഖയോടു ചേര്‍ന്ന് സമുദ്രനിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തിലുള്ള സൈനിക ടെന്റിനു മുകളില്‍ ഒരു കിലോമീറ്റര്‍ നീളമുള്ള മഞ്ഞുമല ഇടിഞ്ഞുവീഴുകയായിരുന്നു. ദുരന്തത്തില്‍ കൊല്ലം സ്വദേശി ലാന്‍സ് നായിക് ബി. സുധീഷും മരണപ്പെട്ടിരുന്നു.