Mobirise Website Builder v4.9.3
NEWS12/02/2016

പി.ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങി

ayyo news service
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തലശേരി സെഷന്‍സ് കോടതിയില്‍ എത്തി കീഴടങ്ങി. ജയരാജനെ കോടതി ഒരു മാസത്തേക്ക് ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കേസില്‍ യുഎപിഎ വകുപ്പ് ചുമത്തിയിരിക്കുന്നതിനാലാണ് റിമാന്‍ഡ് കാലാവധി ഒരു മാസമായത്. ജയരാജനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ സിബിഐ തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.

രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ആംബുലന്‍സില്‍ കോടതിയില്‍ എത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. ഹൈക്കോടതി കൂടി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലായിരുന്നു കീഴടങ്ങല്‍. പി.ജയരാജനൊപ്പം എം.വി.ജയരാജന്‍, കെ.കെ.രാഗേഷ് തുടങ്ങി കണ്ണൂര്‍ ജില്ലയിലെ നിരവധി നേതാക്കളും കോടതിയില്‍ എത്തിയിരുന്നു.

അസുഖബാധിതനാണെന്നും ജയിലില്‍ പ്രത്യേക പരിഗണന വേണമെന്നും ജയരാജന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ചയായി അദ്ദേഹം കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനാല്‍ ജയിലിലേക്ക് മാറ്റിയാല്‍ പ്രത്യേക പരിഗണന നല്‍കണണെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലിലേക്ക് മാറ്റുന്നതിന് മുന്‍പ് നടത്തുന്ന വൈദ്യപരിശോധനയ്ക്ക് ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

മനോജ് വധക്കേസില്‍ തന്നെ കേസില്‍ കുടുക്കിയത് ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കീഴടങ്ങുന്നതിനു മുന്‍പ് ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം നേതാക്കളെ കുടുക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് കേന്ദ്രത്തിന് അയച്ച കത്ത് മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു. ഇതില്‍ നിന്ന് എല്ലാം വ്യക്തമാണ്. കേസില്‍ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാക്കള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ടിരുന്നു. കേസില്‍ സിപിഎം പ്രവര്‍ത്തകരെ പെടുത്താനാണ് ആര്‍എസ്എസ് ശ്രമിച്ചത്. ഇതിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഹായം ചെയ്തു കൊടുത്തുവെന്നും അതിനാലാണ് കേസില്‍ യുഎപിഎ ചുമത്തിയതെന്നും ജയരാജന്‍ ആരോപിച്ചു.

കേസ് രാഷ്ട്രീയപരമായും നിയമപരമായും സിപിഎം നേരിടും. നേതാക്കളെ കേസില്‍ കുടുക്കി സിപിഎമ്മിനെ അടിച്ചമര്‍ത്താമെന്ന് ആര്‍എസ്എസ് കരുതേണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരോട് താന്‍ അങ്ങോട്ട് ആവശ്യപ്പെട്ട് ഡിസ്ചാര്‍ജ് വാങ്ങിയാണ് കോടതിയില്‍ കീഴടങ്ങുന്നതെന്നും ജയരാജന്‍ പറഞ്ഞു.
    

Views: 1587
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY