തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി ഏകജാലകം സംവിധാനം. ഒരു യൂസര്‍നെയിമും പാസ്‌വേഡും വഴി എല്ലാ വകുപ്പുകളുടേയും സേവനങ്ങള്‍ http://www.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും. ഉടന്‍തന്നെ സര്‍ക്കാര്‍ പോര്‍ട്ടല്‍ പുതുമോടിയില്‍ എല്ലാ സൗകര്യവുമായി പ്രവര്‍ത്തനസജ്ജമാകും. കമ്പ്യൂട്ടറിലും സ്മാര്‍ട്ട് ഫോണിലും സൗകര്യപ്രദമായി ലഭ്യമാകുംവിധമാണ് പോര്‍ട്ടല്‍ ക്രമീകരിച്ചിട്ടുള്ളത്.
പുതിയ കെട്ടിലും മട്ടിലും പോര്‍ട്ടല്‍ വരുന്നതോടെ വിവിധ വകുപ്പുകളുടെ 60 ഓളം സേവനങ്ങള്‍ ഇതുവഴി ലഭിക്കും. വൈദ്യുതി ബില്‍, വെള്ളക്കരം, യൂനിവേഴ്‌സിറ്റി ഫീസ് തുടങ്ങിയ അനേകം സേവനങ്ങള്‍ക്ക് പണമടയ്ക്കാനും പോര്‍ട്ടല്‍ വഴി ലഭ്യമാക്കും. പഞ്ചായത്ത്, ഗ്രാമവികസനം, വാട്ടര്‍ അതോറിറ്റി, വി.എച്ച്.എസ്.ഇ, ഇലക്ട്രിസിറ്റി ബോര്‍ഡ്, റവന്യൂ, മോട്ടോര്‍ വാഹനം, രജിസ്‌ട്രേഷന്‍ തുടങ്ങിയ വകുപ്പുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും സര്‍ട്ടിഫിക്കറ്റുകളും ബില്ലുകള്‍ അടയ്ക്കാനും സൗകര്യമാണ് ഇങ്ങനെ ലഭിക്കുക. എസ്.ബി.ഐയുമായി ഇതിനായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൂടാതെ 54 ബാങ്കുകളുടെ ബാങ്ക് ടു ബാങ്ക്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. സര്‍ക്കാരിലേക്ക് പണമടയ്ക്കാന്‍ ഇട്രഷറി വഴിയുള്ള ഏകോപനവും ലഭ്യമാക്കിയിട്ടുണ്ട്.
എല്ലാ സേവനങ്ങള്‍ക്കുമായി പൊതുവായി ഒരുതവണ ഒരു യൂസര്‍ നെയിമും പാസ്‌വേഡും സൃഷ്ടിച്ചുകഴിഞ്ഞാല്‍ സര്‍ക്കാരിലേക്കുള്ള എതു അപേക്ഷ സമര്‍പ്പിക്കലും ഫീസടയ്ക്കലും, ബാങ്കിംഗും സൗകര്യപൂര്‍വം നടത്താം.
ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി പണമടയ്ക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. പണമിടപാടിന്റെ വിവരങ്ങളും ലഭിക്കും. വിവിധ വകുപ്പുകളില്‍ ലഭിക്കുന്ന സേവനങ്ങളും അപേക്ഷകളും വകുപ്പ് തിരിച്ച് ലഭിക്കും.