തിരുവനന്തപുരം: ഹൈക്കോടതിയുടെ അന്തിമവിധിയുടെ അടിസ്ഥാനത്തില്‍ മാത്രം നെല്ലിയാമ്പതിയില്‍ പോബ്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കരുണ എസ്റ്റേറ്റിന്റെ കരം സ്വീകരിച്ചാല്‍ മതിയെന്നു മന്ത്രിസഭാ തീരുമാനം. വ്യവസ്ഥകള്‍ക്കു വിധേയമായി നികുതി സ്വീകരിക്കാന്‍ മാര്‍ച്ച് ഒന്നിനു പുറത്തിറക്കിയ ഉത്തരവില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചതായി മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
കരുണ എസ്റ്റേറ്റിലെ 833 ഏക്കറിനു കരം സ്വീകരിക്കാനുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവിനെതിരേ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണു സര്‍ക്കാര്‍ നടപടി. ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇതുസംബന്ധിച്ച ഫയല്‍ പരിഗണനയ്ക്ക് എടുക്കണമെന്നു നിര്‍ദേശിച്ചത്.
വി.എം. സുധീരന്റെ ശക്തമായ എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണു കരുണ എസ്റ്റേറ്റിനു കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ പുനഃപരിശോധിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി മന്ത്രിമാരെ അറിയിച്ചു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയേയും നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിനേയും ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലേക്കു വിളിച്ചുവരുത്തിയിരുന്നു.
ഉത്തരവ് റദ്ദാക്കുന്നതിനെ പോബ്‌സ് ഗ്രൂപ്പ് കോടതിയില്‍ ചോദ്യം ചെയ്താല്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്നായിരുന്നു സെക്രട്ടറിമാര്‍ മന്ത്രിസഭയെ അറിയിച്ചത്. തുടര്‍ന്നായിരുന്നു കോടതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നികുതി സ്വീകരിച്ചാല്‍ മതിയെന്നു തീരുമാനമെടുത്തത്.