ന്യൂഡല്‍ഹി:ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനം. ലോക സാംസ്‌കാരികോത്സവുമായി ബന്ധപ്പെട്ട് പരിസ്ഥിതി മലിനീകരണം നടത്തിയതിന് വിധിച്ച അഞ്ചു കോടി രൂപ പിഴയൊടുക്കുന്നതിനാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
വെള്ളിയാഴ്ചയ്ക്കുമുമ്പ് പിഴയൊടുക്കിയില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടാന്‍ തയാറാകാനും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യാഴാഴ്ച വൈകിട്ട് വരെ ആര്‍ട്ട് ഓഫ് ലിവിംഗ് പിഴയൊടുക്കിയിട്ടില്ലെന്നും വെള്ളിയാഴ്ചയും പിഴയൊടുക്കിയില്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ സ്വാന്തന്‍തര്‍ കുമാര്‍ പറഞ്ഞു.
1000 ഏക്കറിലധികം പ്രദേശത്ത് സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരികോത്സവത്തിന്റെ തയാറെടുപ്പുകള്‍ക്കായി പരിസ്ഥിതിക്ക് ഒരുനാശവും വരുത്തിയില്ലെന്നും എല്ലാം താത്കാലികമായാണ് നിര്‍മിച്ചിരിക്കുന്നതെന്നുമാണ് ശ്രീ ശ്രീ രവിശങ്കറിന്റെ നിലപാട്. ട്രൈബ്യൂണല്‍ വിധിയില്‍ അതൃപ്തിയുയുണ്ടെന്നും സത്യം ജയിക്കുമെന്നും ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തു.
അഞ്ചു കോടി രൂപ പിഴ ഒടുക്കില്ലെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജയിലില്‍ പോകേണ്ടിവന്നാലും പിഴ ഒടുക്കില്ലെന്ന നിലപാടിലാണ്.
നേരത്തെ, സാംസ്‌കാരികോത്സവത്തിനു ഹരിത ട്രൈബ്യൂണല്‍ ഉപാധികളോടെ അനുമതി നല്‍കിയിരുന്നു.