ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സെവാഗ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. മുപ്പത്തേഴാം ജന്‍മദിനത്തിലാണ് സെവാഗ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍നിന്നും ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നു എന്ന് സെവാഗ് തന്റെ അക്കൗണ്ടില്‍ കുറിച്ചു.
വിരമിച്ച താരങ്ങളുടെ ലീഗായ മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിന്റെ
ഭാഗമാകുന്നതിനാണ് സെവാഗ് ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ . ഇന്നലെ ദുബായില്‍ നടന്ന മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ലോഞ്ചിങ് ചടങ്ങില്‍ വിരമിക്കലിനെ കുറിച്ച് സെവാഗ് സൂചന നല്‍കിയിരുന്നു.രണ്ടര വര്‍ഷമായി സെവാഗിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായിരുന്നില്ല.
1999 ഏപ്രില്‍ ഒന്നിന് ഏകദിനക്രിക്കറ്റില്‍ പാകിസ്താനെതിരെ
അരങ്ങേറിയ സെവാഗ് 251 കളിയില്‍നിന്ന് 8273 റണ്‍സ് നേടിയിട്ടുണ്ട്. 15 സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഇതില്‍പ്പെടും. 219 ആണ് ഉയര്‍ന്ന സ്‌കോര്‍. 96 വിക്കറ്റുകളും സ്വന്തമാക്കി. 2013ല്‍ പാകിസ്താനെതിരെയാണ് ഏകദിനക്രിക്കറ്റില്‍ അവസാനമായി കളിച്ചത്.
ടെസ്റ്റില്‍ 2001ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്
അരങ്ങേറ്റം. 104
ടെസ്റ്റില്‍നിന്ന് 8586 റണ്‍സ് നേടി. 23 സെഞ്ച്വറികളും 32
അര്‍ധസെഞ്ച്വറികളും ഇതില്‍പ്പെടും. രണ്ടുതവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ സെവാഗിന്റെ ഉയര്ന്ന സ്കോര് 319 ആണ്. ടെസ്റ്റില്‍ 40 വിക്കറ്റുകളും സ്വന്തമാക്കി. 2013ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗമേറിയ ട്രിപ്പിള്‍ സെഞ്ച്വറിക്ക് ഉടമയാണ്. 19 ട്വന്റി20 മത്സരത്തില്‍നിന്ന് 394 റണ്‍സ് നേടി.
2002ല്‍ അര്‍ജുന അവാര്‍ഡും 2010ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചു. 2010ല്‍ ഐ.സി.സി.യുടെ മികച്ച ടെസ്റ്റ് കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.