നാഗാലാന്‍ഡില്‍ പ്രക്ഷുബ്ധരായ ജനക്കൂട്ടം ജയില്‍ ആക്രമിച്ച് പുറത്തിറക്കിയ ശേഷം തല്ലിക്കൊന്ന സയ്യിദ് ഫരീദ് ഖാന്‍ എന്ന യുവാവിന് സംസ്ഥാന സര്‍ക്കാറിന്റെ ക്ലീന്‍ സര്‍ടിഫിക്കറ്റ്. ദിമാപൂരിലെ വനിതാ കോളജ് വിദ്യാര്‍ത്ഥിനിയായ 20കാരിയെ ബലാല്‍സംഗം ചെയ്ത കേസിലാണ് ഇയാള്‍ റിമാന്റിലായിരുന്നത്. എന്നാല്‍, ഇയാള്‍ ബലാല്‍സംഗം ചെയ്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ആരോപണമുന്നയിച്ച പെണ്‍കുട്ടിയും ഇയാളും തമ്മില്‍ ഉഭയ സമ്മത പ്രകാരമായിരുന്നു ശാരീരിക ബന്ധം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് തവണയായി വേഴ്ച നടത്തിയ ശേഷം പെണ്‍കുട്ടിക്ക് ഇയാള്‍ 5000 രൂപ നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെടുന്നതിനു മുമ്പ് പ്രതി നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാഴ്ചക്കകം സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗുവാഹത്തി ഹൈകോടതി സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. നഗരത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലറായി പ്രവര്‍ത്തിക്കുകയായിരുന്ന ആസാം സ്വദേശിയായ സയ്യിദ് ഫരീദ് ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ദിമാപൂരിലെ വനിതാ കോളജ് വിദ്യാര്‍ത്ഥിനിയായ 20കാരിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയായിരുന്നു ഇയാള്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ദിമാപൂരില്‍ വമ്പിച്ച പ്രകടനവും പൊതുയോഗവും നടന്നിരുന്നു. നാഗാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ അടക്കമുള്ള സംഘടനകളുടെ മുന്‍കൈയിലായിരുന്നു പ്രതിഷേധം. ഇതിനുശേഷം രോഷാകുലരായ ജനക്കൂട്ടം പ്രതിയെ അടച്ച സെന്‍ട്രല്‍ ജയിലിലേക്ക് കുതിക്കുകയായിരുന്നു. എതിര്‍ക്കാന്‍ എത്തിയ സുരക്ഷാ ജീവനക്കാരെ തല്ലി ഓടിച്ച ശേഷം സെല്ലില്‍ കടന്ന് പ്രതിയെ പിടികൂടിയ ആള്‍ക്കൂട്ടം ഇയാളെ നഗ്‌നനാക്കി മര്‍ദ്ദിച്ച ശേഷം നഗരത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. ഇവിടെയുള്ള ക്ലോക്ക് ടവറില്‍ കൊണ്ടുപോയി ഇയാളെ പരസ്യമായി തൂക്കിക്കൊല്ലാനായിരുന്നു പ്രക്ഷോഭകരുടെ പദ്ധതി. എന്നാല്‍, അതിനു മുമ്പേ, ക്രൂരമായ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെടുകയായിരുന്നു. പൊലീസ് എത്തിയാണ്, ആക്രമികളെ ഓടിച്ച ശേഷം ഇയാളുടെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ പ്രതിഷേധിച്ച ആള്‍ക്കൂട്ടം പൊലീസുകാര്‍ക്കെതിരെ കല്ലേറ് നടത്തി. പൊലീസ് വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു. പ്രതിയുടെ കട സ്ഥിതി ചെയ്യുന്ന കോംപ്ലക്‌സിലേക്ക് നീങ്ങിയ ആള്‍ക്കൂട്ടം അവിടെയുള്ള നിരവധി കടകള്‍ തകര്‍ത്തിരുന്നു.