തിരുവനന്തപുരം:ഇ-പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ അഴിമതിയുടെ സാധ്യത ഇല്ലാതാക്കി കാര്യക്ഷമമായ സേവനം നല്‍കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. രജിസ്‌ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ക്ക് ഫീസ് അടയ്ക്കാനുള്ള ഇപേയ്‌മെന്റ് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടുപ്രതിസന്ധിയുണ്ടായപ്പോള്‍ നാട്ടുകാരില്‍ നിന്നുയര്‍ന്ന ആവശ്യം കൂടി
പരിഗണിച്ചാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
ഓഫീസുകളില്‍
സ്വീകരിക്കപ്പെടുന്ന തുക ദുരുപയോഗം ചെയ്യുന്നതായ പരാതികള്‍ പുതിയ
സംവിധാനത്തിലൂടെ പരിഹരിക്കാനാകും. ജനങ്ങളില്‍നിന്ന് കൃത്യമായ തുക
ഈടാക്കുകയും അപ്പോള്‍ തന്നെ ഖജനാവില്‍ എത്തുന്നതോടെ അഴിമതിക്കുള്ള സാധ്യത
ഇല്ലാതാകും. സേവനകാര്യങ്ങളില്‍ ഐ.ടി രംഗത്തെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുമെന്നും .മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളാദിത്യപുരം 'പുണര്‍ത'ത്തില്‍ സുധര്‍മയ്ക്ക് ഇപേയ്‌മെന്റ് വഴി ഡീഫേസ് ചെയ്ത ആധാരത്തിന്റെ പകര്‍പ്പ് മുഖ്യമന്ത്രി കൈമാറി. ഇപേയ്‌മെന്റിനു പുറമേ ഇസ്റ്റാമ്പിംഗ് സമ്പ്രദായവും വകുപ്പില്‍ ഏര്‍പ്പെടുത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. വകുപ്പിന്റെ ആധുനികവത്കരണത്തിന് എട്ടരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. നേമത്ത് പുതിയ ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കാന്‍ ഉത്തരവ് ആയിട്ടുണ്ട്. രജിസ്ട്രാര്‍ ഓഫീസുകള്‍ നവീകരിച്ച് ഭൗതികസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡോ. ശശി തരൂര്‍ എം.പി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
ആധാര രജിസ്‌ട്രേഷനുള്ള ഇപേയ്‌മെന്റ് സംവിധാനം നിലവില്‍ വരുന്നതോടെ ജനങ്ങള്‍ക്ക് ഓഫീസില്‍ പണമിടപാടുകള്‍ നടത്തേണ്ടിവരില്ല. ആധാരവിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്യുമ്പോള്‍ തന്നെ ആവശ്യമായ ഫീസ് സംബന്ധിച്ച് വിവരം ലഭിക്കുന്നതിനാല്‍ നെറ്റ് ബാങ്കിംഗ് വഴി പണമടയ്ക്കാനാകും.