തിരുവനന്തപുരം: ആഘോഷമില്ലാത്ത മേളയുടെ ഉദ്ഘാടനച്ചടങ്ങ് സദസ്സിനെ വിരസതയിലേക്ക് നയിച്ചപ്പോൾ തെന്നിന്ത്യന്‍ താരം പ്രകാശ് രാജിന്റെ പ്രസംഗം പുതിയ ഒരാവേശമാണ് ചടങ്ങിന് പകർന്നു നൽകിയത്. ഇരുവർ സിനിമയിലെ കരുണാനിധി കഥാപാത്രമായി തമിഴ് മക്കളെ ഇളക്കിമറിക്കുന്ന പ്രകാശ് രാജിന്റെ രൂപമാണ് നിയശാഗന്ധിയിലെ ഡെലിഗേറ്റുകളെ പ്രസംഗത്തിലൂടെ ഇളക്കിമറിച്ചപ്പോൾ തോന്നിയത്. സിനിമയിൽ തമിഴ് പേച്ച് ആയിരുന്നെങ്കിൽ ഇവിടെ ഇംഗ്ളീഷിലുള്ള അദ്ദേഹത്തിന്റെ വാക്കുകളെ ശ്രദ്ധയോടെ കേട്ട് വൻ കരഘോഷമാണ് പകരമായി നൽകിയത്.
'രാജ്യത്ത് ഉയര്‍ന്നുവരുന്ന എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ ഭയമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് കേരളത്തില്‍ മാത്രമാണ്. . പ്രതിഷേധങ്ങളെ നിശബ്ദമാക്കുമ്പോള്‍ കൂടുതല്‍ ശക്തമായ ശബ്ദങ്ങള്‍ ഉയര്‍ന്നു വരും. കലാകാരനെന്ന നിലയില്‍ സ്വന്തം ശബ്ദം കേള്‍പ്പിക്കേണ്ടത് തന്റെ കടമയാണ്. ഒരു കലാകാരന്‍ ഉയര്‍ന്നുവരുന്നത് അയാളുടെ സര്‍ഗ്ഗവൈഭവം കൊണ്ടുമാത്രമല്ല, സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹവും അംഗീകാരവും കൊണ്ടുകൂടിയാണ്. ആ അര്‍ത്ഥത്തില്‍ നിശബ്ദരാക്കപ്പെടുന്നവരുടെ ശബ്ദമായി മാറേണ്ടത് കലാകാരന്റെ ഉത്തരവാദിത്തമാണ്. ഇന്ന് നമ്മള്‍ ശബ്ദിക്കാതിരുന്നാല്‍ വരും തലമുറ ചിന്തിക്കാന്‍ പോലും ഭയപ്പെടും. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കുന്നത് അപകടകരമായ പ്രവണതയാണ്. ഇങ്ങനെ പ്രതികരിക്കാൻ തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലമില്ല. മതവിദ്വേഷത്തിനെതിരെ നിങ്ങളാലൊരാളായി ശബ്ദമുയർത്തുകയാണ് ഞാൻ'. പ്രകാശ്‌രാജ് പറഞ്ഞു.