ന്യൂഡല്‍ഹി: ഭരണഘടനാ സ്ഥാപനമായ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വിവരാവകാശ നിയമം ബാധകമാകുമെന്ന് സുപ്രീംകോടതിയുടെ വിധി. ഇതുസംബന്ധിച്ച കേരള ഹൈക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. കേസ് പരിഗണിച്ച ജസ്റ്റിസ് എം വൈ ഇഖ്ബാല്‍ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി വിധി ചോദ്യംചെയ്തു പി എസ് സി സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടാണ് സുപ്രീംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമ്പോള്‍ ജോലിഭാരം കൂടുമെന്നതുള്‍പ്പെടെയുള്ള പി എസ് സിയുടെ വാദം തള്ളിയ സുപ്രീംകോടതി ഉത്തരക്കടലാസ് പരിശോധിക്കുന്നവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്നും, ബാക്കി വിവരങ്ങള്‍ കൈമാറണമെന്നും നിര്‍ദേശിച്ചു. ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് അവരുടെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.
2011ലാണ് പി എസ് സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഹൈക്കോടതി വിധി പ്രസ്താവിച്ചത്. തുടര്‍ന്ന് ഇതിനെതിരെ പി എസ് സി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു