തിരുവനന്തപുരം: 56ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ല 919 പോയിന്റ് നേടി സ്വർണക്കപ്പ് കരസ്ഥമാക്കി. 912 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. 908 പോയിന്റ് നേടിയ കണ്ണൂര്‍ മൂന്നാം സ്ഥാനവും നേടി. 837 പോയിന്റ് നേടിയ തിരുവനന്തപുരം ഒൻപതാമെതെത്തി. ഇത് കോഴിക്കോട് ജില്ലയുടെ പത്താമത്തെ കീരീട നേട്ടമാണ്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ കോഴിക്കോടിന് 416 ഉം ഹയര്‍ സെക്കന്‍ഡറിയില്‍ 503 പോയിന്റുമാണ് ലഭിച്ചത്. എറണാകുളത്തിനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 503 പോയിന്റുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 417 പോയിന്റുള്ള കണ്ണൂരാണ് മുന്നില്‍.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്ത സമാപനച്ചടങ്ങില്‍ ചലച്ചിത്രതാരം നിവിന്‍പോളിയായിരുന്നു വിശിഷ്ടാതിഥി. അധ്യക്ഷനായിരുന്ന വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് സ്വർണക്കപ്പ് സമ്മാനിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പൂത്താലം സുവനീർ പ്രകാശനം നിർവഹിച്ചു. മന്ത്രി വി എസ് ശിവകുമാർ മുഖ്യ പ്രഭാഷണം നടത്തി.