തിരുവനന്തപുരം: സാമൂഹിക പ്രതിബദ്ധത വിളംബരംചെയ്ത വര്‍ണ്ണാഭമായഘോഷയാത്രയോടെ ഓണംവാരാഘോഷത്തിന് സമാപനമായി. കമനീയമായ ഫ്‌ളോട്ടുകളുടെ അകമ്പടിയോടെ നടന്ന സാംസ്‌കാരികഘോഷയാത്ര നഗരവീഥികളെ ആഘോഷത്തിലാറാടിച്ചു. വെള്ളയമ്പലം മാനവീയംവീഥിക്ക്മുന്നി ല്‍വൈകിട്ട് 5.30ന് ഘോഷയാത്ര സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. പിന്നിട് നഗരംചുറ്റി അട്ടക്കുളങ്ങരയില്‍ അവസാനിച്ച ഘോഷയാത്ര കാണാന്‍ ഏകദേശം നാല് ലക്ഷത്തോളം പേര്‍ എത്തിയന്നാണ് കണക്ക്.
വെള്ളയമ്പലത്ത് ടൂറിസം-സഹകരണ മന്ത്രി എ.സി മൊയ്തീന്‍ വാദ്യോപകരണമായ 'കൊമ്പ്' മുഖ്യകലാകാരന് കൈമാറിയതോടെയാണ് സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കമായത്. ആയിരത്തില്‍പ്പരം കലാകാരന്മാരുടെയും എഴുപത്തഞ്ചോളം ഫ്‌ളോട്ടുകളുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. മുത്തുക്കുടയേന്തിയ കേരളീയ വേഷം ധരിച്ച 100 പുരുഷന്‍മാരാണ് അശ്വാരൂഢസേനക്ക് പിന്നിലായി അണിനിരന്നത്. അവരോടൊപ്പം മോഹിനിയാട്ട നര്‍ത്തകിമാര്‍ ഓലക്കുടയുമായി അണിനിരന്ന് ഘോഷയാത്രക്ക്മാറ്റുകൂട്ടി. തുടര്‍ന്ന് അണമുറിയാതെ വേലകളി, ആലവട്ടം, വെഞ്ചാമരം എന്നി ദൃശ്യരൂപങ്ങള്‍ ഘോഷയാത്രയെ ചലനാത്മകമാക്കി. വിവിധ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പടയണി, പുലികളി, നീലക്കാവടി, പൂക്കാവടി, ചിന്ത്കാവടി, അമ്മന്‍കൊട എന്നിവ തനതു മേളങ്ങള്‍ക്കൊപ്പം ആടിത്തിമിര്‍ത്തു. പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റുമേളം തുടങ്ങി പെരുമ്പറമേളം വരെ താളവിസ്മയങ്ങള്‍ തീര്‍ത്തു.
ഒപ്പനയും മാര്‍ഗംകളിയും ദഫ്മുട്ടും തിരുവാതിരക്കളിയും കോല്‍ക്കളിയും കേരളത്തിന്റെ മതമൈത്രി വിളിച്ചോതി. മയൂര നൃത്തം, പരുന്താട്ടം, ഗരുഢന്‍പറവ, അര്‍ജ്ജുന നൃത്തം തുടങ്ങി. കുമ്മാട്ടിക്കളി വരെയുള്ള നാലു ഡസനോളം വൈവിധ്യമാര്‍ന്ന കേരളീയ കലാരൂപങ്ങള്‍ അണിനിരുന്നു. കാണികളില്‍ കൗതുകമുയര്‍ത്തുന്ന പൊയ്ക്കാല്‍കളി, ബൊമ്മകളി, ആഫ്രിക്കന്‍ നൃത്തരൂപങ്ങള്‍, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തം വീശല്‍, വള്ളുവനാടന്‍ കലാരൂപങ്ങള്‍ എന്നിവയും ഘോഷയാത്രയ്ക്ക് മിഴിവേകി. ഇതോടൊപ്പം ഇതരസംസ്ഥാന കലാരൂപങ്ങളെയും പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഫ്‌ളോട്ടു കള്‍ ഈ വര്‍ഷത്തെ ഘോഷയാത്രയുടെ പ്രത്യേകതയായി. വിവിധസര്‍ക്കാര്‍ വകുപ്പുകളുടെയും, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെയുമായിരുന്നു ഘോഷയാത്രയില്‍ അണിനിരന്ന വിഷയാധിഷ്ഠിത ഫ്‌ളോട്ടുകള്‍. ഇതോടൊപ്പം ഇന്‍ഫോര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ് തയ്യാറാക്കിയ നമുക്ക് ജാതിയില്ല വിളംമ്പരത്തിന്റെ നൂറാംവര്‍ഷകത്തിന്റെ ഫ്‌ളോട്ടും ജനശ്രദ്ധ നേടി.
ഇതിനു പുറമെ നൂറ്റിയമ്പതില്‍പ്പരം ദൃശ്യ-ശ്രാവ്യകലാരൂപങ്ങളുംഘോഷയാത്രയ്ക്ക്മിഴിവേകി. എല്ലാവര്‍ക്കും സാമൂഹ്യസുരക്ഷ, എല്ലാവര്‍ക്കും ഭവനം, എല്ലാവര്‍ക്കും വൈദ്യുതി, നാടാകെ ജൈവപച്ചക്കറി, ക്ഷേമ പെന്‍ഷന്‍, സാമ്പത്തിക ഭദ്രത, വളരുന്ന കേരളം, പരിസ്ഥിതി സംരക്ഷണം എന്നി വിഷയങ്ങള്‍ പ്രതിഫലിപ്പിച്ചു കൊണ്ടുള്ള ഫ്‌ളോട്ടുകളുമായി സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു. ഉത്തരവാദിത്വ ടൂറിസം, കരനെല്‍കൃഷി, ഗ്രീന്‍ പ്രോട്ടോകോള്‍, ലഹരി-മയക്കുമരുന്നുകള്‍ക്കെതിരെയുള്ള ബോധവത്കരണം, പ്രകൃതിസംരക്ഷണം, എന്റെ മാലിന്യംഎന്റെ ഉത്തരവാദിത്വം, റിന്യൂവബിള്‍ എനര്‍ജിഎീവിഷയങ്ങളും ഫ്‌ളോട്ടുകള്‍ക്ക് വിഷയമായി.കേരളീയ പൈതൃകവും, സിനിമയുംസാഹിത്യവും, സ്ത്രീ ശാക്തീകരണവും സ്ത്രീ സുരക്ഷയും, ആരോഗ്യ ശീലങ്ങളും, ശാസ്ത്ര സാങ്കേതിക വിദ്യയും, വിവിധ തരത്തിലുള്ള ജീവസുരക്ഷാ സന്ദേശങ്ങളുമായി അണിനിരന്ന ഫ്‌ളോട്ടുകളും ആസ്വാദകരുടെ മനം കവര്‍ന്നു. ഫ്‌ളോട്ടുകള്‍ കടന്നുപോയ വീഥിയില്‍ അഞ്ച് വേദികളിലായി കലാപരിപാടികളും അരങ്ങേറി.
സംസ്ഥാന ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം യൂണിവേഴ്‌സിറ്റികോളജിന് മുന് വശത്ത് വിശിഷ്ടവ്യക്തികള്‍ക്ക് പ്രത്യേകം ഒരുക്കിയ പവലിയനില്‍ ഇരുന്ന് ഘോഷയാത്ര വീക്ഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബസമേതമാണ് പവലിയനില്‍ ഘോഷയാത്ര വീക്ഷിക്കാന്‍ എത്തിയത്.