തൃശൂര്‍: സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനും കണ്‍സ്യൂമര്‍ഫെഡിന്റെ മുന്‍ മേധാവികള്‍ക്കും എതിരേയുള്ള അഴിമതി കേസില്‍ ത്വരിതാന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മന്ത്രി എട്ടാം പ്രതിയാണ്. ഏപ്രില്‍ നാലിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു ജഡ്ജി എസ്.എസ്. വാസന്‍ സംസ്ഥാന വിജിലന്‍സ് ഡയറക്ടറോട് ഉത്തരവായിരിക്കുന്നത്.
കേസില്‍ എട്ടു പ്രതികളാണുള്ളത്. എട്ടുപേരെയും ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഹാജരാക്കിയിട്ടുണെ്ടന്നു ഹര്‍ജിക്കാരനായ ജോര്‍ജ് വട്ടുകുളം പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് മുന്‍പ്രസിഡന്റ് ജോയ് തോമസ്, മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍ വി. സനില്‍കുമാര്‍, മുന്‍ എംഡി റെജി വി. നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്‍. ജയകുമാര്‍, മുന്‍ റീജണല്‍ മാനേജര്‍മാരായ എം. ഷാജി (കൊല്ലം), സിഷ് സുകുമാരന്‍ (തിരുവനന്തപുരം), ചോറ്റാനിക്കര വിദേശമദ്യ വിഭാഗം മാനേജര്‍ സുജിതകുമാരി എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.
മൂന്ന് ആരോപണങ്ങളില്‍ സവിശേഷമായ അന്വേഷണം വേണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിദേശമദ്യ വില്പന ഇടപാടില്‍ മദ്യവ്യവസായികളില്‍നിന്നു ലഭിച്ച കോടിക്കണക്കിനു രൂപയുടെ കമ്മീഷനും ഇന്‍സെന്റീവും സംബന്ധിച്ച ആരോപണം, നിയോജകമണ്ഡലം തോറും നിത്യോപയോഗ സാധനങ്ങള്‍ വാഹന ഷോറൂമിലൂടെ ലഭ്യമാക്കുന്നതിനു 141 വാഹനങ്ങളുടെ ഷാസി വാങ്ങി ബോഡി നിര്‍മാണം നടത്തി വ്യാജബില്ലിലൂടെ 1.47 കോടി രൂപ തട്ടിയെടുത്തെന്ന ആരോപണം, പൂജപ്പുര നന്മ സ്റ്റോറിലെ ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ചാണു പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ കഴിഞ്ഞമാസം 30നു വിധി പ്രസ്താവിക്കാനിരുന്നതായിരുന്നു. എന്നാല്‍, ജഡ്ജി അവധിയെടുത്തതിനാല്‍ ഇന്നലത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.